വണ്ടൂർ: വണ്ടൂരിൽ കൗമാര പ്രതിഭകൾ മാറ്റുരക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തീകരിച്ചതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് വൈകുന്നേരം 3.30 നു മലപ്പുറം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ മേള ഉദ്ഘാടനം ചെയ്യും. നിനവ് ഗസൽ ഗായകൻ പ്രിയദർശൻ മുഖ്യാതിഥിയായിരിക്കും. ജില്ലയിലെ 1500ലധികം സ്കൂളുകളിൽ നിന്നുള്ള പതിനൊന്നായിരത്തിലധികം പ്രതിഭകളാണ് കൗമാര കലാമാമങ്കത്തിനെത്തുന്നത്. യുപി വിഭാഗത്തിൽ നിന്ന് 2250, ഹൈസ്കൂൾ വിഭാഗത്തിൽ 5300, ഹയർ സെക്കൻഡറി വിഭാഗത്തിൽ 3780 വിദ്യാർഥികളുമാണ് പങ്കെടുക്കുന്നത്. വിദ്യാർഥികളും രക്ഷിതാക്കളും കാഴ്ചക്കാരുമായി ഇരുപതിനായിരത്തിനു മുകളിൽ ആളുകളെത്തുന്ന മേളയുടെ വിജയത്തിനായി 16 സബ് കമ്മിറ്റികളാണ് പ്രവർത്തിക്കുന്നത്.
22 വരെ വണ്ടൂർ വിഎംസി ഗേൾസ് സ്കൂൾ, ഗുരുകുലം വിദ്യാനികേതൻ സ്കൂളിലുമായാണ് കലോത്സവം നടക്കുക. ഇന്ന് രാവിലെ 9.30 ന് തിരുവാലി ഗവണ്മെന്റ് സ്കൂളിൽ ബാന്റ് മേളം നടക്കും.
ആദ്യദിനത്തിൽ 10 വേദികളിലാണ് മത്സരങ്ങൾ നടക്കുക. 22 ക്ലാസ് മുറികളിലായി രചനാമത്സരങ്ങളും നടക്കും.കഥകളി, പൂരക്കളി, പരിചമുട്ട്, ഓട്ടൻ തുള്ളൽ, പാഠകം ഗോത്ര വർഗ കലയായ പളിയനൃത്തം, മലപുലയാട്ടം തുടങ്ങിയ ശ്രദ്ധേയമായ മത്സരങ്ങളും അരങ്ങേറും. ബുധനാഴ്ചയോടെ വേദികൾ മുഴുവനും സജീവമാകുമെന്ന് പോഗ്രാം കമ്മിറ്റി കണ്‍വീനർ കെ. സരിത പറഞ്ഞു. മത്സരങ്ങൾ ദിവസവും 9.30 ന് ആരംഭിക്കും. വൈകിട്ട് ആറ് മണിയോടെ അവസാനിപ്പിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വാർത്താ സമ്മേളനത്തിൽ മലപ്പുറം വിദ്യഭ്യാസ ഉപഡയറക്ടർ പി.വി. റഫീഖ്, ജില്ലാ വിദ്യഭ്യാസ ഓഫീസർ വി. അനിത, പ്രിൻസിപ്പൽമാരായ പി.വി. ഉഷകുമാരി, പി. ഉഷ, മീഡിയ കണ്‍വീനർ ബഷീർ തരിശ് എന്നിവർ പങ്കെടുത്തു. കലോത്സവവുമായി ബന്ധപ്പെട്ട് പ്രോഗ്രാം കമ്മിറ്റി ’സാക്ഷ്യം’ എന്ന പേരിൽ സുവനീർ പുറത്തിറക്കി. പ്രോഗ്രാം കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ കഐസ്ടിഎ ജില്ലാ ട്രഷറർ വീരാപ്പു, വിഎംസി സ്കൂൾ പ്രധാനാധ്യാപിക പി. ഉഷക്ക് കൈമാറി പ്രകാശനം ചെയ്തു.
Tags : local nattuvishesham Art Festival