പാലക്കാട്: യുഡിഎഫ് സർക്കാരിന്റെ നാളെ അവതരിപ്പിക്കപ്പെടുന്ന ആദ്യ സന്പൂർണ ബജറ്റിൽ കണ്ണുനട്ട് പാലക്കാട് ജില്ല. പത്തുവർഷങ്ങൾക്കുശേഷം വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ വി.ഡി. സതീശൻ നയിക്കുന്ന സംസ്ഥാനസർക്കാരിന്റെ സ്വപ്നബജറ്റിൽ വലിയ പ്രതീക്ഷകളാണ് ജില്ലയ്ക്കുള്ളത്.
ജില്ലയിൽനിന്ന് രണ്ടു മന്ത്രിമാരുള്ളതും പ്രതീക്ഷകൾക്ക് ആക്കംകൂട്ടുന്നു. ജില്ലയ്ക്കുവേണ്ടി പുതിയ പദ്ധതികളുടെ പ്രഖ്യാപനവും നിലവിലെ വികസനപദ്ധതികൾ തുടരുന്നതിനുള്ള നീക്കിയിരിപ്പും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇതോടൊപ്പം കാലങ്ങളായി പരിഗണിക്കപ്പെടാതെ അവഗണിക്കപ്പെട്ടു കിടക്കുന്ന ആവശ്യങ്ങളും ബജറ്റിൽ ഉൾപ്പെടുമെന്ന പ്രതീക്ഷയും പാലക്കാട്ടെ ജനങ്ങൾക്കുണ്ട്.
കാർഷികം, ജലസേചനം, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങി വിവിധ മേഖലകളിൽ വർഷങ്ങളായി ഉയരുന്ന ആവശ്യങ്ങൾക്ക് പരിഹാരം കാണുമോയെന്ന ആകാംക്ഷയിലാണ് ജില്ല.
കേരളത്തിന്റെ കിഴക്കൻ കവാടമെന്ന നിലയിൽ സംസ്ഥാന സന്പദ്വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന പാലക്കാടിനു വികസന പദ്ധതികളിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന വിമർശനം ഏറെക്കാലമായി നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ ജില്ലയിലെ പ്രത്യേക ആവശ്യങ്ങൾ പരിഗണിച്ച് സമഗ്ര വികസന പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം വിവിധ മേഖലകളിൽനിന്ന് ശക്തമായിട്ടുണ്ട്.
പാലക്കാട് നഗരത്തിലും പ്രധാന പട്ടണങ്ങളിലും ദിനംപ്രതി രൂക്ഷമാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ റിംഗ് റോഡ് പദ്ധതി, പുതിയ ബൈപ്പാസുകൾ, സംസ്ഥാനപാത വികസനം, ഗ്രാമീണ റോഡുകളുടെ നവീകരണം തുടങ്ങിയ പദ്ധതികൾക്ക് പ്രത്യേക ഫണ്ട് അനുവദിക്കണമെന്നാണ് പൊതുവായ ആവശ്യം.
കോയന്പത്തൂരുമായുള്ള സാന്പത്തികബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പാലക്കാട്- കോയന്പത്തൂർ സാന്പത്തിക ഇടനാഴി പദ്ധതിക്ക് തുടക്കമിടുന്ന പ്രഖ്യാപനമുണ്ടാകുമോയെന്നതും വ്യവസായമേഖല ഉറ്റുനോക്കുകയാണ്.
സംസ്ഥാനത്തെ പ്രധാന വ്യവസായകേന്ദ്രങ്ങളിലൊന്നായ കഞ്ചിക്കോട് വ്യവസായമേഖലക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുമായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് വ്യവസായ സംഘടനകളുടെ ആവശ്യം.
വാളയാർ ചെക്ക്പോസ്റ്റ് മേഖലയെ ആധുനിക ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുക, പുതുശേരി വ്യവസായ മേഖല വികസിപ്പിക്കുക, പുതിയ വ്യവസായ പാർക്കുകൾ സ്ഥാപിക്കുക, യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ശക്തമാണ്.
നെല്ലുസംഭരണത്തിലെ
പ്രതിസന്ധിപരിഹാരം
സംസ്ഥാനത്തിന്റെ നെല്ലറയായ പാലക്കാട് ഗുരുതരമായ നെല്ല് സംഭരണ പ്രതിസന്ധി നേരിടുകയാണ്. സംഭരണ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പലപ്പോഴും കർഷകർ വിളവ് വിൽക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. നെല്ലുസംഭരണ കേന്ദ്രങ്ങളുടെ വികസനം, ആധുനിക ഗോഡൗണുകൾ, ശീതീകരണ സൗകര്യങ്ങൾ, കാർഷിക ഉത്പന്ന സംസ്കരണ യൂണിറ്റുകൾ എന്നിവയ്ക്കായി പ്രത്യേക ധനസഹായം അനുവദിക്കണമെന്നാണ് കർഷക സംഘടനകളുടെ പ്രധാന ആവശ്യം.
ഉത്പാദനചെലവ് വർധിക്കുകയും ന്യായവില ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നെൽകർഷകർക്ക് പ്രത്യേക സാന്പത്തിക സഹായ പദ്ധതികളും ബോണസ് സംവിധാനങ്ങളും പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുന്നു.
ജില്ലയിലെ കാർഷികമേഖലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് സമഗ്ര പ്രത്യേക കാർഷികപാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും ശക്തമാണ്. നാളികേരത്തിന്റെ വിലത്തകർച്ച മൂലം കർഷകർ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വിലസ്ഥിരതാ ഫണ്ട്, സംഭരണ പദ്ധതി, സബ്സിഡി സഹായം എന്നിവ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. പച്ചക്കറികൃഷി, ജൈവകൃഷി, ക്ഷീരമേഖല, മത്സ്യകൃഷി എന്നിവക്ക് കൂടുതൽ പ്രോത്സാഹനവും വിപണി പിന്തുണയും ഉറപ്പാക്കണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ജലസേചന സംവിധാനങ്ങളുടെ
നവീകരണം
മലന്പുഴഡാമും കനാൽശൃംഖലയും ഉൾപ്പെടെയുള്ള ജലസേചന സംവിധാനങ്ങളുടെ നവീകരണം വർഷങ്ങളായുള്ള ആവശ്യമാണ്. മലന്പുഴ, മീങ്കര, ചുള്ളിയാർ, പോത്തുണ്ടി, ഗായത്രിപ്പുഴ പദ്ധതികളുടെ അറ്റകുറ്റപ്പണികൾക്കും കനാലുകളുടെ ആധുനികവത്കരണത്തിനുമായി പ്രത്യേക ഫണ്ട് അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വേനൽക്കാലത്ത് രൂക്ഷമാകുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പുതിയ കുടിവെള്ള പദ്ധതികൾക്കും ഭൂഗർഭജല സംരക്ഷണ പദ്ധതികൾക്കും ബജറ്റിൽ പ്രാധാന്യം ലഭിക്കുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു.
സർക്കാർ മെഡിക്കൽകോളജിൽ പ്രതീക്ഷ
പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമേഖലയിലെ നിക്ഷേപം വർധിപ്പിക്കണമെന്നാണ് ആവശ്യം. സർക്കാർ മെഡിക്കൽ കോളജിന്റെ പൂർണസജ്ജമായ പ്രവർത്തനം, ജില്ലാ ആശുപത്രിയുടെ ആധുനികവത്്കരണം, താലൂക്ക് ആശുപത്രികളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കൽ, ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളുടെ സൗകര്യ വികസനം എന്നിവക്കായി പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
സർക്കാർ സ്കൂളുകളുടെയും കോളജുകളുടെയും അടിസ്ഥാനസൗകര്യ വികസനം, സ്മാർട്ട് ക്ലാസ് മുറികൾ, ഗവേഷണ പദ്ധതികൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ എന്നിവയ്ക്കായി പുതിയ പദ്ധതികൾ പ്രഖ്യാപിക്കണമെന്നാണ് വിദ്യാഭ്യാസ രംഗത്തിന്റെ ആവശ്യം.
സൈലന്റ് വാലി, ശിരുവാണി, കാഞ്ഞിരപ്പുഴ, നെല്ലിയാന്പതി, മലന്പുഴ, ധോണി, പറന്പിക്കുളം എന്നിവയെ ബന്ധിപ്പിച്ചുള്ള സമഗ്ര ടൂറിസം വികസന പദ്ധതിയാണ് ജില്ലയിലെ പ്രധാന പ്രതീക്ഷകളിലൊന്ന്. മണ്ണാർക്കാട് എംഎൽഎയായ എൻ. ഷംസുദ്ദീൻ മന്ത്രിയായ സാഹചര്യത്തിൽ അട്ടപ്പാടി ബദൽറോഡ് എന്ന സ്വപ്നത്തിന് ചിറക് മുളച്ചിട്ടുണ്ട്.
ഇത്തരത്തിൽ വികസനത്തിന്റെ പുതിയ അധ്യായം തുറക്കുന്ന പ്രഖ്യാപനങ്ങളാണ് ജില്ല പ്രതീക്ഷിക്കുന്നത്.
Tags : budget Nattuvishesham District News