പ്രതീകാത്മക ചിത്രം
കിളിമാനൂർ: മഹാദേവേശ്വരത്ത് തെരുവ് നായ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ജനങ്ങൾ ആശങ്കയിൽ. പഴയകുന്നുമ്മേൽ പഞ്ചായത്ത് പരിധിയിലെ മഹാദേവേശ്വരം ക്ഷേത്രത്തിന്റെ മുൻവശത്തുള്ള റോഡിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.
പഞ്ചായത്ത് ഇടപെട്ട് ചത്തുപോയ തെരുവ് നായയെ പാലോട് വെറ്ററിനറി ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി റാബിസ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ പ്രദേശവാസികൾ ആശങ്കയിലായി.
തെരുവുനായയുടെ ആക്രമണത്തിനിരയായ മൂന്നുപേർക്കും ആദ്യഡോസ് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്.
ഇനി ആർക്കെങ്കിലും കടിയേറ്റിട്ടുണ്ടെങ്കിൽ അടിയന്തരമായി പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ വീടുകളിൽ വളർത്തു നായ്ക്കൾക്ക് കടിയേറ്റിട്ടുണ്ടെങ്കിൽ വിവരം പഞ്ചായത്തിനെയോ പഞ്ചായത്ത് വെറ്ററിനറി ഹോസ്പിറ്റലിലോ അടിയന്തരമായി അറിയിക്കേണ്ടതാണ്. നായ്ക്കൾക്ക് പ്രതിരോധ വാക്സിൻ നൽകണം.
റാബിസ് കൺട്രോൾ വിഭാഗത്തിന്റെയും ആർആർടി ടീമിന്റെയും സേവനം ഇക്കാര്യത്തിൽ പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ഗൗരവത്തോടെ കണ്ട് നടപടി സ്വീകരിച്ചു വരികയാണെന്ന് പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു.
Tags : Nattuvisesham DistrictNews DeepikaNews