പടിയൂര്‍: പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പഞ്ചായത്ത് കമ്മിറ്റിയില്‍ അടിയന്തരമായി ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍നിന്നു ഇറങ്ങിപ്പോയി.
പഞ്ചായത്തംഗങ്ങളായ ടി.ഡി. ദശോബ്, ഹാജിറ റഷീദ്, ബീന ജെയിംസ് എന്നിവരാണ് പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോക്ക് നടത്തിയത്. പടിയൂര്‍ പഞ്ചായത്തിലെ തെക്കന്‍ മേഖലകളായ വളവനങ്ങാടി, പണ്ടാറത്തറ, കെട്ടുചിറ, ചുള്ളിപാലം, കൊങ്ങിണി പറമ്പ്, മഴുവഞ്ചേരി തുരുത്ത്, വാര്യാട് കോങ്ങാടന് തുരുത്ത്, എസ്എന്‍വിഎല്‍പി സ്കൂള്‍ പരിസരം എന്നീ പ്രദേശങ്ങളിലെല്ലാം രൂക്ഷമായ കുടിവെള്ള ക്ഷാമാണ് അനുഭവിക്കുന്നത്. ഈ പ്രദേശങ്ങളെല്ലാം പുഴയോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ ഇവിടെ താമസിക്കുന്നവരെല്ലാം കുടിവെള്ളത്തിനായി പൈപ്പ് കണക്ഷനെ ആശ്രയിച്ചാണ് കഴിയുന്നത്.
കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി തവണ പഞ്ചായത്ത് പ്രസിഡന്റിനോടും വാട്ടര്‍ അഥോറിറ്റി ഓഫീസിലും പരാതി നല്‍കിയിട്ടും നാളിതുവരെ കുടിവെള്ള പ്രശ്നത്തിന് ഒരു പരിഹാരവും ഉണ്ടായിട്ടില്ല. പടിയൂര്‍ പഞ്ചായത്തില്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമായ രണ്ട് വാട്ടര്‍ ടാങ്കുകളാണുള്ളത്. വാട്ടര്‍ അഥോറിറ്റിയില്‍നിന്ന് ആഴ്ചയില്‍ മൂന്നു ദിവസമാണ് പടിയൂര്‍ പഞ്ചായത്തിലേയ്ക്ക് വെള്ളം വിടുന്നത്.
ടാങ്കില്‍നിന്ന് വെള്ളംവിട്ട് മൂന്നു ദിവസം കഴിഞ്ഞാല്‍പോലും ഈ പ്രദേശങ്ങളില്‍ ഒന്നുംതന്നെ പൈപ്പ് കണക്ഷനില്‍ വെള്ളം ലഭിക്കുന്നില്ല. ഈ ടാങ്കുകളില്‍ രണ്ട് വാല്‍വ് സംവിധാനം മാത്രമാണുള്ളത്. പഞ്ചാത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് വെള്ളം തിരിച്ചുവിടുന്നതിനായി വിവിധ ഭാഗങ്ങളിലായി വാല്‍വുകള്‍ ക്രമീകരിച്ചാല്‍ മാത്രമേ ശരിയായ രീതിയില്‍ എല്ലാവര്ക്കും വെള്ളം ലഭിക്കുകയുള്ളൂ. കുടിവെള്ളവിതരണത്തിനായി വാഹന സൗകര്യം ഏര്‍പ്പെടുത്തുകയാണെങ്കില്‍ സൗജന്യമായി വെള്ളം നല്‍കാമെന്ന് വാട്ടര്‍ അഥോറിറ്റി അറിയിച്ചിട്ടുണ്ട്. ഈ വിഷയം പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യാന്‍പോലും തയാറാകാത്ത സാഹചര്യത്തിലാണ് യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിയില്‍നിന്ന് ഇറങ്ങിപ്പോയത്.