മറയൂര്‍: പ്രതിസന്ധികളെ അതിജീവിച്ച് മഞ്ഞളിന്റെ മൂല്യവര്‍ധനയിലൂടെ വിജയത്തിലേക്കു മുന്നേറുകയാണ് മറയൂരിലെ കുടുംബശ്രീ സംരംഭക ദേവി സുബ്ബുരാമന്. മഞ്ഞള്‍ സുഗന്ധവ്യഞ്ജനം മാത്രമല്ല, നൂതന ആശയങ്ങളും കഠിനാധ്വാനവും ഒത്തുചേര്‍ന്നാല്‍ മികച്ച സംരംഭത്തിനുള്ള സാധ്യതകള്‍ തുറക്കുന്ന കാര്‍ഷികവിള കൂടിയാണെന്ന് തെളിയിക്കുകയാണ് ദേവി സുബ്ബുരാമന്. 2006 മുതല്‍ കുടുംബശ്രീ അംഗമായ ദേവി മഞ്ഞളിന്റെ മൂല്യവര്‍ധനയിലൂടെ ടര്‍മറിക് അഗ്രി പ്രൊഡ്യൂസര്‍ ഗ്രൂപ്പിന് തുടക്കമിടുകയായിരുന്നു.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ മഞ്ഞള്‍ സംസ്കരണ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി. എന്നാല്‍, സംരംഭം ആരംഭിക്കുക അത്ര എളുപ്പമായിരുന്നില്ല.
ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തില്‍ മഞ്ഞള്‍ കൈകൊണ്ട് അരിഞ്ഞുണങ്ങേണ്ടി വന്നു. സംസ്കരണത്തിനായി മറ്റ് യൂണിറ്റുകളെ ആശ്രയിക്കുകയും ഉണക്കുന്നതിനുള്ള സൗകര്യം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെ കണ്ടെത്തുകയും ചെയ്തു. പ്രതിസന്ധികള്‍ക്കു മുന്നില്‍ പതറാതെ മുന്നോട്ടുപോയ സംഘത്തിന് കുടുംബശ്രീ ജില്ലാ മിഷന് 2.5 ലക്ഷം രൂപ യന്ത്രസാമഗ്രികള്‍ക്കും പ്രവര്‍ത്തനമൂലധനത്തിനുമായി അനുവദിച്ചു.
കര്‍ഷകരില്‍നിന്ന് കിലോയ്ക്ക് 15 -20 രൂപ നിരക്കില്‍ മഞ്ഞള്‍ സംഭരിച്ച് സംസ്കരിക്കുന്ന സംഘം 100 ഗ്രാം മഞ്ഞള്‍പ്പൊടി 60 രൂപ നിരക്കിലാണ് വിപണിയിലെത്തിക്കുന്നത്. നിലവില്‍ പ്രതിമാസം 10 കിലോയോളം മഞ്ഞള്‍പ്പൊടി വില്‍പ്പന നടത്തുന്നുണ്ട്.
സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയുന്നതിനായി വിവിധ സ്ഥലങ്ങളില്‍നിന്നുള്ള സന്ദര്‍ശകരും യൂണിറ്റിലെത്തുന്നുണ്ട്. കൊച്ചിയില്‍ നടന്ന ഗ്ലോബല്‍ ലോഞ്ചിലാണ് മഞ്ഞള്‍പ്പൊടിയുടെ ആദ്യ ലോഞ്ചിംഗ് നടന്നത്.
ഇതിനു പുറമേ മഞ്ഞള്‍ ലേഹ്യം, ഗോള്‍ഡന്‍ മില്‍ക്ക് പൗഡര്‍, ഇഞ്ചി-മഞ്ഞള്‍ തേന്‍, സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത തേന്‍, വെളുത്തുള്ളി തേന്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മൂല്യവര്‍ധിത ഉത്പന്നങ്ങളും തയാറാക്കാനുള്ള ശ്രമത്തിലാണ് ദേവി.
പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച് തയാറാക്കുന്ന മഞ്ഞള്‍ ലേഹ്യത്തിന് ഉപഭോക്താക്കളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിലൂടെ വിപണി വിപുലീകരണമാണ് ലക്ഷ്യം.
സംരംഭം കൂടുതല്‍ വളര്‍ത്തുന്നതിനായി രണ്ട് ഏക്കര്‍ ഭമി പാട്ടത്തിനെടുത്ത് കസ്തൂരിമഞ്ഞളും സാധാരണ മഞ്ഞളും കൃഷി ചെയ്യാനും തുടങ്ങിയിട്ടുണ്ട്. ഇതുവഴി കൃഷിയിലൂടെ അസംസ്കൃത വസ്തുക്കളുടെ ലഭ്യത വര്‍ധിപ്പിക്കുകയും ഉത്പാദനം വിപുലീകരിക്കുകയും കൂടുതല്‍ വിപണി കണ്ടെത്തുകയും ചെയ്യുകയാണ് ലക്ഷ്യം.
പരിമിതികളെ സാധ്യതകളാക്കി മാറ്റിയ ദേവി സുബ്ബുരാമന്റെ യാത്ര മൂല്യവര്‍ധനയിലൂടെ പുത്തന്‍ സാധ്യതകള്‍ കണ്ടെത്താന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്.
Tags :