നിലമ്പൂര്‍: ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകളെ കാടുകയറ്റുന്നതിനായി വനംവകുപ്പ് ആരംഭിച്ച സ്പെഷ്യല്‍ ഡ്രൈവ് ഇന്ന് പുനരാരംഭിക്കും. കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച ദൗത്യം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകള്‍ കൂടുതലായി എത്തുന്ന ദിവസമായതിനാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഇന്നലെ ഡ്രൈവിന് അവധി നല്‍കിയിരുന്നു.
ശനിയാഴ്ച ചാലിയാര്‍മുക്കില്‍ ഒരു കാട്ടാനയെയും വള്ളുവശേരി ഭാഗത്ത് മറ്റൊരു ആനയെയും കണ്ടെത്തിയിരുന്നു. ചാലിയാര്‍മുക്കില്‍ കണ്ടെത്തിയ ആനയെ മൈലാടി വഴി എടക്കോട് വനഭാഗത്തേക്ക് തുരത്താനുള്ള ശ്രമമാണ് ഇന്ന് തുടരുക.
നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ കെ.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ 80-ഓളം പേരടങ്ങുന്ന പ്രത്യേക സംഘമാണ് കഴിഞ്ഞ നാല് ദിവസമായി ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ആനകളെ പന്തീരായിരം ഉള്‍വനത്തിലേക്ക് കയറ്റിവിട്ടാലും ദിവസങ്ങള്‍ക്കുള്ളില്‍ ഇവ തിരിച്ചെത്താന്‍ സാധ്യതയുണ്ട്.
പന്തീരായിരം, മൂവായിരം വനമേഖലകളെയും കൃഷിയിടങ്ങളെയും വേര്‍തിരിച്ച് സംരക്ഷണഭിത്തികളും സോളാര്‍ വൈദ്യുത വേലികളും നിര്‍മിക്കാന്‍ വനംവകുപ്പ് അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. ചാലിയാര്‍ പഞ്ചായത്തില്‍ കാട്ടാന ആക്രമണങ്ങളില്‍ നിരവധി പേര്‍ക്കാണ് ഇതുവരെ ജീവന് നഷ്ടമായത്. പാലക്കയം ആദിവാസി നഗറിലെ സഹോദരങ്ങളായ ബാലകൃഷ്ണന്, സുനില്‍, ടാപ്പിംഗ് തൊഴിലാളിയായ ആമിന, തുടങ്ങിയവര്‍ ഇതില്‍പ്പെടും.