തൊടുപുഴ: ജില്ലയില്‍ ടൂറിസം മേഖലകളിലെ പാതയോരങ്ങളിലും റോഡുകളോടു ചേര്‍ന്ന വനമേഖലകളിലും മാലിന്യം തള്ളല്‍ തുടര്‍ക്കഥയാകുന്നു. ടൂറിസം കേന്ദ്രങ്ങളിലേക്ക് മറ്റു ജില്ലകളില്നിന്നെത്തുന്നവരില് നല്ലൊരു പങ്കും ഇപ്പോള്‍ ഭക്ഷണപദാര്ഥങ്ങളുമായാണ് എത്തുന്നത്. ഇതുകഴിച്ച ശേഷം അവശിഷ്ടങ്ങളും മറ്റും പാതയോരങ്ങളില്‍ തള്ളുകയാണ് ചെയ്യുന്നത്. ഗുരുതര പാരിസ്ഥിതിക, ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും വിധം പലയിടങ്ങളിലും മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുകയാണ്.
വിനോദസഞ്ചാരികള്‍ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കും പുറമേ ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമൊക്കെ മാലിന്യങ്ങള്‍ നിറച്ച് രാത്രി വാഹനങ്ങളില്‍ കൊണ്ടുവന്നു വിജനമായ ഇടങ്ങളില്‍ തള്ളുന്നവരും കുറവല്ല. രാത്രികാലങ്ങളിലെ മാലിന്യം തള്ളല്‍ തടയാന്‍ പല തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പാതയോരങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാര്യമായ പ്രയോജനം ലഭിക്കുന്നില്ല. ചില കേസുകളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യം തള്ളിയവരെ പിടികൂടി പിഴയടപ്പിക്കുന്നുണ്ടെങ്കിലും ജനദ്രോഹകരമായ പ്രവണതയ്ക്ക് അറുതി വരുത്താന്‍ സാധിച്ചിട്ടില്ല.
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ മൂന്നാറിലെ മാലിന്യപ്രശ്നം പരിഹാരമില്ലാതെ തുടരുകയാണ്. മൂന്നാര്‍ എക്കോ പോയിന്റ്, മാട്ടുപ്പെട്ടി ഡാമിനു സമീപം, പോതമേട് വ്യൂ പോയിന്റ് എന്നിവിടങ്ങളിലാണ് കൂടുതലായും മാലിന്യം തള്ളുന്നത്. മൂന്നാറില്‍ മുതിരപ്പുഴയിലേക്കും വന്‍തോതില്‍ മാലിന്യങ്ങള്‍ ഒഴുക്കുന്നതായി പരാതിയുണ്ട്. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്ത് പലയിടത്തും മാലിന്യം കൂടിക്കിടക്കുന്നതു കാണാം.
തൊടുപുഴ-പുളിയന്മല സംസ്ഥാന പാത, മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന-കുട്ടിക്കാനം പാത, കോട്ടയം-കുമളി റോഡ് തുടങ്ങി, കാഞ്ഞാര്‍ -പുള്ളിക്കാനം-വാഗമണ്‍ റോഡ്, വാഗമണ്‍-ഉപ്പുതറ റോഡ് തുടങ്ങി പല പാതകളിലും ജനവാസമില്ലാത്ത മേഖലകളിലും കാടുവളര്‍ന്നു നില്ക്കുന്ന ഭാഗത്തുമെല്ലാം മാലിന്യം തള്ളുന്നുണ്ട്.
അറവുമാലിന്യം, പച്ചക്കറി, മത്സ്യ അവശിഷ്ടങ്ങള്‍, പാനീയങ്ങളുടെ കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ തുടങ്ങിയവയാണ് റോഡരികുകളില്‍ തള്ളുന്നതിലേറെയും. അടുക്കള മാലിന്യങ്ങളും ഡയപ്പറുകളും വരെ പ്ലാസ്റ്റിക് കവില് കെട്ടി വഴിയരികിലും പുഴയിലുമൊക്കെ വലിച്ചെറിയുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ജലസ്രോതസുകളിലെ മാലിന്യം തള്ളല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
വനമേഖലകളില്‍ തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വന്യമൃഗങ്ങളുടെ ജീവനും ഭീഷണിയാണ്. അലക്ഷ്യമായ മാലിന്യം തള്ളല്‍ തെരുവുനായ്ക്കളുടെ ശല്യം വര്‍ധിക്കാനും കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ഭീഷണിയായി ഒട്ടേറെ തെരുവു നായ്ക്കളാണ് അലഞ്ഞു തിരിയുന്നത്. മാലിന്യം തള്ളുന്നത് പിടിക്കപ്പെട്ടാലും, കര്‍ശന നടപടികള്‍ ഉണ്ടാകാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. മാലിന്യസംസ്കരണത്തിനു മതിയായ സംവിധാനങ്ങള്‍ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
Tags :