വയോധികനെ ആശുപത്രിയിലെത്തിക്കാൻ തടിപ്പാലം കടക്കുന്ന നാട്ടുകാര്.
മൂന്നാർ: സഞ്ചാരയോഗ്യമായ റോഡിന്റെ അഭാവംമൂലം സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽനിന്ന് ഗുരുതര രോഗം ബാധിച്ചയാളെ ആശുപത്രിയിൽ എത്തിക്കാനായത് മണിക്കുറുകൾക്കു ശേഷം. കൂടല്ലാർകുടി സ്വദേശിയായ എഴുപതുകാരൻ മലയപ്പനെ ഏറെ സാഹസികമായാണ് പുറം ലോകത്ത് എത്തിക്കാനായത്. ഉൾവനത്തിൽ ഒറ്റയടിപ്പാതയിലൂടെ നാലു കിലോമീറ്റർ ചുമന്നാണ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ നാലു ദിവസങ്ങളായി പനി ബാധിച്ച് കിടപ്പിലായിരുന്ന രോഗി കഴിഞ്ഞ ദിവസം തീർത്തും അവശനാവുകയായിരുന്നു. കാട്ടു കമ്പിൽ ഇരുവശത്തും തുണി വലിച്ചുകെട്ടി രോഗിയെ അതിൽകിടത്തി ചുമന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഏറെ സാഹസികമായിട്ടായിരുന്നു രോഗിയെ ചുമന്നുള്ള കാനന യാത്ര. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ കനത്ത മഴ പെയ്തിരുന്നതിനാൽ പുഴകളിൽ ഒഴുക്ക് ശക്തമായിരുന്നു. ആ പുഴയ്ക്കു മുകളിൽ മുളകൊണ്ടു നിർമിച്ച പാലത്തിലൂടെ ജീവൻ പണയം വച്ചാണ് നാട്ടുകാർ രോഗിയെ പ്രധാന പാതയിലെത്തിച്ചത്. വൈകുന്നേരത്തോടെ രോഗിയെ അടിമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടല്ലാർ കുടിയിൽനിന്നു നാലു കിലോമീറ്റർ പിന്നിട്ടാൽ മാത്രമേ പ്രധാന പാതകളുള്ള മാങ്കുളത്തെത്താനാകൂ. ഇവിടെ എത്തിച്ചാലും ഒരു മണിക്കൂർ വാഹനത്തിൽ യാത്ര ചെയ്തുവേണം ആശുപത്രിയിൽ എത്താൻ.
നാലു കിലോമീറ്റർ ദൈർഘ്യമുള്ള കാനന പാത ഗതാഗതയോഗ്യമാക്കണമെന്ന ഉന്നതി നിവാസികളുടെ ആവശ്യത്തിനു കാലങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ വർഷം പനി മൂർച്ഛിച്ച അഞ്ചുവയസുകാരൻ കാർത്തിക്കിനെ സമാനമായ രീതിയിൽ ചുമന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
ഒരാഴ്ചയ്ക്കു ശേഷം കാർത്തിക്കിന്റെ മുത്തശിയെയും ഇതുപോലെതന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഈ സംഭവങ്ങൾക്കു ശേഷം ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ റോഡു നിർമാണം ആവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടന്നെങ്കിലും ഫലമുണ്ടായിട്ടില്ല.