കാസര്ഗോഡ്: 2017ല് നടത്തിയ എന്ഡോസള്ഫാന് ദുരിത ബാധിതര്ക്കുള്ള മെഡിക്കല് ക്യാമ്പില് പങ്കെടുത്ത് പട്ടികയില് ഉള്പെട്ട 350 പേര്ക്ക് നഷ്ടപരിഹാര തുകയായ അഞ്ചുലക്ഷം രൂപ വീതം ധനസഹായം ലഭിച്ചതായും ഇതുവരെ 17 കോടി 50 ലക്ഷം രൂപ വിതരണം ചെയ്തതായി ജില്ലാ കളക്ടര് അര്ജുന് പാണ്ഡ്യന് പറഞ്ഞു.
ആകെ 977 പേരാണ് പട്ടികയില് ഉള്പ്പെട്ടത്. ഇതിനു പുറമേ 201 അപേക്ഷകളില് ധനസഹായം അനുവദിക്കുന്നതിനായുള്ള നടപടികള് പുരോഗമിക്കുകയാണ്. 2017ല് ക്യാമ്പില് പങ്കെടുത്ത് ദുരിത ബാധിതരുടെ പട്ടികയില് ഉള്പ്പെട്ട, ഇനിയും ധനസഹായത്തിന് അപേക്ഷിക്കാന് ബാക്കിയുള്ളത് 432 പേരാണ്. ബാക്കിയുള്ളവര്ക്ക് ധനസഹായം അനുവദിക്കുന്നതിനായുള്ള നടപടികള് പുരോഗമിക്കുകയാണ്.
ജില്ലാ കളക്ടറുടെ അധ്യക്ഷതയില് കൃത്യമായ ഇടവേളകളില് അവലോകന യോഗങ്ങള് ചേരുകയും നടപടിക്രമങ്ങള് വേഗത്തിലാക്കുന്നതിനൊടൊപ്പം ലഘൂകരിക്കുകയും ചെയ്തതോടെയാണ് ചുരുങ്ങിയ കാലയളവിനുള്ളില് 350 അപേക്ഷകര്ക്ക് എന്ഡോ സള്ഫാന് സ്പെഷല് വഴി ധനസഹായം വിതരണം ചെയ്യാന് സാധിച്ചത്.
എന്ഡോസള്ഫാന് ദുരിതബാധിതരുടെ ലിസ്റ്റില് കൂടുതല് പേരെ ഉള്പ്പെടുത്താന് 2022ല് അപേക്ഷ ക്ഷണിക്കുകയും വിവിധ ഘട്ടങ്ങളിലായി ക്യാമ്പുകള് സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2022ല് ക്ഷണിച്ച അപേക്ഷ പ്രകാരം ദുരിതബാധിതരുടെ പട്ടിക തയാറാക്കി വരികയാണ്. 2017ല് ക്യാമ്പില് പങ്കെടുത്ത് ദുരിത ബാധിതരുടെ പട്ടികയില് ഉള്പ്പെട്ട, ഇനിയും ധനസഹായത്തിന് അപേക്ഷിക്കാന് ബാക്കിയുള്ള 432 പേര് അക്ഷയ സെന്ററുകള് വഴി www.land revenue.kerala. gov.in വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം. ആവശ്യമായ രേഖകള്-ഒപി നമ്പര്, ആധാര് കാര്ഡ്, ബാങ്ക് പാസ് ബുക്ക് പകര്പ്പ്, റേഷന് കാര്ഡ്. ഫോണ്: 04994 257330.
Tags : Nattuvishesham Districtnews Deepikanews Endosulfan