ഡോ.കെ.കെ.എൻ. കുറുപ്പ് പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ.
കൽപ്പറ്റ: വാർധക്യത്തിലും ശൗര്യം ചോരാതെ ചരിത്രകാരനും കാലിക്കട്ട് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ.കെ.കെ.എൻ. കുറുപ്പ്. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ വയനാട് ട്രൈബൽ ഡവലപ്മെന്റ് യൂണിവേഴ്സിറ്റി പ്രഖ്യാപിച്ചില്ലെങ്കിൽ പട്ടികവർഗ വിദ്യാർഥികളെയടക്കം സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിന് രൂപം നൽകുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പട്ടികവർഗ ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് അനിവാര്യമാണ് യൂണിവേഴ്സിറ്റി. ആദിവാസി കുട്ടികളുടെ ബുദ്ധിവൈഭവം സമൂഹനൻമയ്ക്ക് പ്രയോജനപ്പെടുത്തുന്നതിന് പദ്ധതികൾ ഉണ്ടാകണം. യൂണിവേഴ്സിറ്റിയിലൂടെ ഇത് സാധ്യമാകും. തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണാലയങ്ങളും ഉള്ളതാകണം സർവകലാശാല.
വയനാട് ട്രൈബൽ ഡവലപ്മെന്റ് യൂണിവേഴ്സിറ്റി യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയതാണ്. യുഡിഎഫ് അധികാരത്തിലെത്തിയാൽ യൂണിവേഴ്സിറ്റി യാഥാർഥ്യമാക്കുമെന്ന് പടിഞ്ഞാറത്തറയിൽ ടി. സിദ്ദിഖിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പ്രിയങ്ക ഗാന്ധി എംപി പ്രസ്താവിക്കുകയുമുണ്ടായി. എന്നിരിക്കേ ബജറ്റിൽ യൂണിവേഴ്സിറ്റി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
യൂണിവേഴ്സിറ്റിക്ക് സ്ഥല, കെട്ടിട സൗകര്യം ഒരുക്കാൻ സന്നദ്ധത ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് രേഖാമൂലം അറിയിച്ചിരുന്നു. ബിഷപ്പിന്റെ സമ്മതപത്രം ഉൾപ്പെടുത്തി യൂണിവേഴ്സിറ്റി വിഷയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു. ബത്തേരി ചെതലയത്തെ ട്രൈബൽ സ്റ്റഡി സെന്ററിൽ യൂണിവേഴ്സിറ്റിക്ക് താത്കാലിക സൗകര്യം ഒരുക്കാവുന്നതാണ്. യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് വിദഗ്ധരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവും ബജറ്റിൽ ഉണ്ടാകണം.
യൂണിവേഴ്സിറ്റി സ്ഥാപന പ്രവർത്തനങ്ങളുടെ കോ ഓർഡിനേറ്റർ ആകാനും വേതനം ഇല്ലാതെ ജോലി ചെയ്യാനും സന്നദ്ധനാണെന്നും ഡോ. കുറുപ്പ് പറഞ്ഞു.
Tags : Local News Nattuvishesham Wayanad