ഇരിങ്ങാലക്കുട: നഗരസഭ ജീവനക്കാരനെ തെരുവുനായ കടിച്ചു. നഗരസഭപ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായിട്ടും നഗരസഭ അധികൃതര്‍ ഷെല്‍ട്ടര്‍ സ്ഥാപിക്കാന്‍ വൈകുന്നുവെന്നാരോപിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു.
ഠാണാവിലെ ഒരു വീട്ടിലേക്ക് നോട്ടീസ് നല്കാന് പോയ നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരനായ സിദ്ദിഖിനെയാണ് കഴിഞ്ഞ ദിവസം തെരുവുനായ കടിച്ചത്. കൊരുമ്പിശേരിയില് കൗണ്‍സിലറുടെ മകളേയും മാടായിക്കോണത്ത് സ്ത്രീകളേയും കുട്ടികളേയും തെരുവുനായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. മൂന്നുമാസത്തിനകം ഷെല്‍ട്ടര്‍ സ്ഥാപിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ യുഡിഎഫ് ആറുമാസമായിട്ടും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.വി. ശിവകുമാര്‍ കുറ്റപ്പെടുത്തി.
ഷെല്‍ട്ടര്‍ തുടങ്ങാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു. കൗണ്‍സില്‍ യോഗത്തില്‍ ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും അതിനുശേഷം ഷെല്‍ട്ടര്‍ തുടങ്ങാന്‍ പോകുന്ന സ്ഥലത്ത് ജനങ്ങളെ കൂട്ടി പ്രതിഷേധ സമരം നടത്തുകയുമാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചെയ്യുന്നതെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി.
എന്നാല്‍ ഷെല്‍ട്ടര്‍ സ്ഥാപിക്കുന്നതിനെതിരേ സമരം നടത്തുന്നത് ജനകീയ കൂട്ടായ്മയാണെന്നും സിപിഎമ്മിന് സമരവുമായി യാതൊരു ബന്ധവുമില്ലെന്നും ശിവകുമാര്‍ പറഞ്ഞു. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ കെ.എസ്. പ്രസാദ്, സി.സി. ഷിബിന്‍, വിഷ്ണു പ്രഭാകരന്, ലേഖ ഷാജന്, അല്‍ഫോണ്‍സ തോമസ്, പി.എം. നന്ദുലാല്‍, രമ്യ ഷിബു, വിനിത തുടങ്ങിയവര്‍ സമരത്തിന്
നേതൃത്വം
നല്കി.
Tags : nattu vishesham LDF opposes establishing shelters