പ്രീതിഷ് പി. പ്രകാശ്
കൊച്ചി: നഗരത്തില്‍ ക്രിമിനല്‍ സംഘങ്ങളുടെ അഴിഞ്ഞാട്ടം തുടരുന്നതിനിടെ പൊലിസുകാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും പതിവാകുന്നു. ഇന്നലെ എളമക്കരയില്‍ ലഹരിപരിശോധനയ്ക്കിടെ ഡാന്‍സാഫ് സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥരെ കാര്‍ ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിച്ചതാണ് ഒടുവിലത്തെ സംഭവം. തലനാരിഴയ്ക്കാണ് പൊലിസ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത്. പരിക്കേറ്റ ഡാൻസാഫ് സംഘാംഗങ്ങളായ മധുസൂദനന്, വിജയരാജ് എന്നിവര്‍ ചികിത്സയിലാണ്. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 20ന് രാത്രി 8.30ന് ഞാറക്കല്‍ പൊലിസിനു നേരെ ഗുണ്ടാ സംഘത്തിന്റെ വധശ്രമം ഉണ്ടായി. എളങ്കുന്നപ്പുഴ നടവഴിയിലെ നയാര പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു സംഭവം. പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് ജീവനക്കാരെ ഗുണ്ടാസംഘം ആക്രമിക്കുന്നു എന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഞാറക്കല്‍ എസ്ഐ ജിതിന്, സിപിഒ ഗിരീഷ് എന്നിവരെയാണ് ആറംഗ ഗുണ്ടാസംഘം കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. ബസ് ജീവനക്കാർക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഒരാള്‍ കത്തികൊണ്ട് എസ്ഐയെ കുത്തുകയായിരുന്നു. തുടര്‍ന്ന് മറ്റൊരാൾ എസ്ഐയെ പിടിച്ചുനിര്‍ത്തി മുഖത്തും തലയ്ക്കും ഇടിച്ചു. അക്രമം തടയാന്‍ ചെന്ന സിപിഒ ഗിരീഷിനെ വടിയും കത്തിയും ഉപയോഗിച്ച് സംഘം ആക്രമിച്ചു.
സെപ്റ്റംബര്‍ അഞ്ചിന് സ്വകാര്യ ബസ് ജീവനക്കാരൻ കാര്‍ യാത്രക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടുന്നതിനിടെ പൊലിസിന് മർദനമേറ്റിരുന്നു. എറണാകുളം നോര്‍ത്ത് പൊലിസ് സ്റ്റേഷനിലെ എഎസ്ഐ സുനില്‍ പി. ജലീലിനെ തള്ളുകയും കാല്‍മുട്ടില്‍ ഇടിച്ച് നിലത്തിടുകയും ചെയ്തതായാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്പ്രചരിച്ചതോടെയാണ് ബസ് ക്ലീനര്‍ക്കെതിരേ പൊലിസ് കേസെടുത്തത്. എന്നാല്‍, ഇയാള്‍ക്കെതിരേ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത് പ്രതിഷേധത്തിനിടയാക്കി. നടപടി വിവാദമായതോടെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
സെപ്റ്റംബര്‍ 11ന് മരട് പൊലിസ് കസ്റ്റഡിയിലെടുത്ത ലഹരിമരുന്ന് കേസ് പ്രതിയുടെ ആക്രമണത്തില്‍ മൂന്ന് പൊലിസുകാര്‍ക്ക് പരിക്കേറ്റു. എസ്ഐ ജാക്സണ്, എഎസ്ഐ സുമേഷ് കുമാര്‍, സിപിഒ പി.എം. ഫസല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. എംഡിഎംഎയുമായി പിടിയിലായ പ്രതിയാണ് പൊലിസ് സ്റ്റേഷനില്‍ അക്രമാസക്തനായത്.
സെപ്റ്റംബര്‍ 14ന് കളമശേരിയില്‍ തമ്മിലടിച്ച ആറംഗ സംഘത്തെ പൊലിസ് ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ എസ്ഐ സാം ലെസ്ലിക്കും സംഘത്തിനും നേരെ ആക്രമണമുണ്ടായി. അക്രമികളുടെ കൈയേറ്റത്തില്‍ പൊലിസുകാര്‍ക്ക് പരിക്കേറ്റതിനു പുറമേ പൊലിസ് ജീപ്പിനും കേടുപാടുകള്‍ സംഭവിച്ചു.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പൊലിസുകാര്ക്കുപോലും ആക്രമണത്തില്‍നിന്ന് രക്ഷയില്ലാത്ത സാഹചര്യം ഗൗരവത്തോടെയാണ് വിലയിരുത്തപ്പെടുന്നത്. ക്രിമിനല്‍ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തിന് തടയിടുന്നതിനൊപ്പം പൊലിസിനുനേരെയുള്ള ആക്രമണങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
ഡാൻസാഫ് അംഗങ്ങളെ വാഹനമിടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
കൊച്ചി: എളമക്കരയിൽ ഡാൻസാഫ് അംഗങ്ങളെ വാഹനമിടിപ്പിച്ച് പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മൂത്തകുന്നം തുരുത്തിപ്പുറം പുളിക്കൽ പ്രീതിഷ് പി. പ്രകാശിനെ (39) നെയാണ് ഡാൻസാഫ് സംഘവും എളമക്കര പൊലിസും ചേർന്ന് സാഹസികമായി പിടികൂടിയത്. ഇയാളിൽ നിന്ന് 32 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ 11 ന് സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും സ്വിഫ്റ്റ് കാർ ഡാൻ സാഫ് സംഘം പിന്തുടർന്നിരുന്നു. വാഹനം നിർത്താതെ പോയതിനെ തുടർന്ന് എളമക്കര പൊലിസ് സ്റ്റേഷൻ ഭാഗത്ത് വെച്ച് പൊലിസ് വാഹനം തടഞ്ഞു നിർത്തി പരിശോധിക്കാൻ ശ്രമിച്ചു. തുടർന്ന് പ്രതി വാഹനം നിർത്താതെ ഡാൻസാഫ് സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥരെ ഇടിച്ച് പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് ഇയാളെ പൊലിസ് സാഹസികമായി പിടികൂടുകയായിരുന്നു. കാറിൽ നിന്ന് എംഡിഎംഎയും കണ്ടെത്തി.
പൊലിസുകാർക്കുനേരേ വധശ്രമം, ലഹരി കൈവശം വയ്ക്കൽ എന്നിങ്ങനെ രണ്ടു കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സിറ്റി പൊലിസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാറിന്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ എസിപി എ. അനന്തലാൽ, എളമക്കര എസ്എച്ച്ഒ പി. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Tags :