പ്രതീകാത്മക ചിത്രം
ഫോർട്ടുകൊച്ചി: വാറന്റ് പ്രതിയെ പിടികൂടുന്നതിനായി ഫോര്‍ട്ട്കൊച്ചിയിലെത്തിയ എക്സൈസ് സംഘം വീട് മാറിക്കയറി പുലിവാല് പിടിച്ചു. ഇടുക്കി കട്ടപ്പനയില്‍നിന്ന് വാറന്റ് പ്രതിയെ തേടിയെത്തിയ സംഘമാണ് വീട് മാറിക്കയറിയത്. ഇന്നലെ പുലര്‍ച്ചെ നാലരയോടെ ഫോര്‍ട്ടുകൊച്ചി അധികാരി വളപ്പിനു സമീപം ഫെര്‍ണാണ്ടസ് ഗാര്‍ഡനിലായിരുന്നു സംഭവം. മലപ്പുറം ഇടപ്പാൾ സ്വദേശികളായ ദമ്പതികള്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടിലാണ് എക്സൈസ് സംഘം എത്തിയത്. ഈ വീടിന് സമീപമാണ് വാറന്റ് പ്രതി താമസിക്കുന്നത്.
സംഭവ സമയം ദമ്പതികളില്‍ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് നൈറ്റ് ഡ്യൂട്ടിക്ക് പോയിരിക്കുകയായിരുന്നു. വീട്ടിലെത്തിയ എക്സൈസ് സംഘം ജനലയിലൂടെ വീട്ടിനുള്ളിലേക്ക് ടോർച്ചടിച്ചു. തുടർന്ന് തങ്ങൾ എക്സൈസ് സംഘമാണെന്ന് വ്യക്തമാക്കാതെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ പൊളിച്ച് അകത്ത് കടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറഞ്ഞു. കള്ളൻന്മാരാണ് പുറത്തുള്ളതെന്ന് ഭയന്ന യുവതി ഫോര്‍ട്ട്കൊച്ചിയില്‍ ഹോട്ടലില്‍ ജോലിനോക്കുകായിരുന്ന ഭര്‍ത്താവിനെ വിളിച്ച് വരുത്തി.
ബഹളം കേട്ട് സമീപത്ത് താമസിക്കുന്ന വീട്ടുടമ വീട്ടിൽ ഒരു സത്രീ മാത്രമേയുള്ളൂവെന്ന് പറഞ്ഞെങ്കിലും വാതിൽ തുറന്നേ ഞങ്ങൾ പോകൂവെന്ന പിടിവാശിയിലായിരുന്നത്രേ എക്സൈസ് ഉദ്യോഗസ്ഥർ. ഭര്‍ത്താവ് എത്തിയപ്പോഴും എക്സൈസ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് പരാതി. ഒരു വനിത ഓഫിസറുണ്ടായെങ്കിലും അവർ മാറി നിൽക്കുകയായിരുന്നു. വീട്ടിനു പുറത്തെത്തിയ പുരുഷ ഓഫിസര്‍മാര്‍ യൂണിഫോം ധരിച്ചിട്ടുമുണ്ടായിരുന്നില്ല.
ഭര്‍ത്താവ് എക്സൈസ് അധികൃതരോട് തിരിച്ചറിയൽ രേഖ കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ അതിന് തയാറായില്ലെന്നും പറയുന്നുണ്ട്. സമീപത്തെ മറ്റ് വീട്ടുകാർ എത്തിത്തുടങ്ങിയതോടെ സംഗതി പന്തിയല്ലെന്ന് മനസിലാക്കിയ എക്സൈസ് സംഘം പിന്നീട് തടിതപ്പുകയായിരുന്നു. വാറന്റ് പ്രതിയുടെ വീട്ടിലാണ് എക്സൈസ് സംഘം ആദ്യം എത്തിയതെങ്കിലും ഇവിടെയുള്ളവർ വീട് മാറ്റി കാണിച്ച് എക്സൈസ് സംഘത്തെ കബളിപ്പിക്കുകയായിരുന്നുവെന്നും വാറന്റ് പ്രതി മുങ്ങിയതായും പറയുന്നുണ്ട്. യുവതിയുടെ ഭർത്താവ് ഫോർട്ടുകൊച്ചി പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.
Tags :