പ്രതീകാത്മക ചിത്രം
പുനലൂര്‍: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഡിജിറ്റല്‍ സര്‍വേ വീണ്ടും ആരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ റവന്യു മന്ത്രിയുടെ മേല്‍നോട്ടത്തിലാണ് ഡിജിറ്റല്‍ സര്‍വേ നടപ്പാക്കിയത്. ഓരോ വസ്തു ഉടമയുടെയും ഭൂമി എന്റെ ഭൂമി - പോര്‍ട്ടല്‍ എന്ന ഡിജിറ്റല്‍ ആപ്പില്‍ ക്രോഡീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
സംസ്ഥാനത്തെ നിരവധി വില്ലേജുകളില്‍ പദ്ധതി നടപ്പിലാക്കി. എന്നാല്‍ പദ്ധതി നടപ്പിലാക്കിയ ചില വില്ലേജുകളില്‍ ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം പലവിധ തെറ്റുകളുണ്ടായി. വസ്തു ഉടമകളുടെ സ്ഥലങ്ങളുടെ അതിരുകള്‍ പരസ്പരം മാറി. ഒരാള്‍ കരമടച്ചു വന്നിരുന്ന ഭൂമി മറ്റൊരാളുടേതായി.
റവന്യു ഉദ്യോഗസ്ഥരും വൈദഗ്ധ്യമുള്ള സംഘവുമാണ് സര്‍വേ നടത്തിയത്. സര്‍വേയിലെ തെറ്റുകള്‍ ഇതുവരെയും പരിഹരിച്ചിട്ടില്ല. സ്ഥലം ഉടമകളുടേതല്ലാത്ത കാരണത്താലാണ് ഗുരുതര തെറ്റുകള്‍ സംഭവിച്ചത്. അതിന്റെ പേരില്‍ പലരുടേയും കരം സ്വീകരിക്കാതെ വന്നു.
സ്വകാര്യ വ്യക്തികളുടെ സ്ഥലം പലയിടത്തും വനംവകുപ്പിന്റ സ്ഥലമായും ദേവസ്വം ഭൂമിയായും രേഖപ്പെടുത്തി. പരാതികള്‍ വ്യാപകമായതോടെ ചിലയിടങ്ങളില്‍ താല്‍ക്കാലികമായി സ്ഥലത്തിന് കരം അടയ്ക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
ഇത്തരം സാഹചര്യം നിലനില്‍ക്കെയാണ് റവന്യു വകുപ്പ് വീണ്ടും ഡിജിറ്റല്‍ സര്‍വേ നടത്തുമെന്ന് പ്രഖ്യാപിച്ചത്. കേരളപ്പിറവി ദിനത്തില്‍ സര്‍വേ പുനരാരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഈ വിഷയത്തില്‍ സ്ഥലമുടമകള്‍ കടുത്ത ആശങ്കയിലാണ്.
ഡിജിറ്റല്‍ സര്‍വേ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം നിലനില്‍ക്കെ വീണ്ടും സര്‍വേയ്ക്ക് ഒരുങ്ങുന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സര്‍വേയിലുണ്ടായ പരാതികള്‍ പരിഹരിച്ചശേഷം പുതിയത് ആരംഭിച്ചാല്‍ മതിയെന്ന നിലപാടിലാണ് സ്ഥലം ഉടമകള്‍.
Tags :