സുൽത്താൻ ബത്തേരി: മരുന്നിനും മെഡിക്കൽ ഉപകരണങ്ങൾക്കും കൊള്ള വില ഈടാക്കുന്നതിനെതിരേ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കേരള കോണ്ഗ്രസ് ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മരുന്ന് നിർമാണ കന്പനികൾ വിൽപനവിലയുടെ പത്തിലൊന്നു വിലയ്ക്കാണ് മെഡിക്കൽ ഷോപ്പ് കൾക്കും ആശുപത്രികൾക്കും മരുന്നുകൾ നൽകുന്നത്. അതിലൂടെ അവർ കൊള്ളലാഭം നേടുകയാണ്. മരുന്ന് നിർമാതാവിന്റെ കയ്യിൽ നിന്ന് മരുന്നുകൾ പലതവണ കൈമാറി രോഗിയുടെ കയ്യിൽ എത്തുന്പോൾ വില പത്ത് ഇരട്ടിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഏഴ് രൂപയ്ക്ക് കിട്ടുന്ന ഡിസ്പോസിബിൾ സിറിഞ്ച് രോഗികൾക്ക് എംആർപി വിലയായ 58 രൂപയ്ക്കാണ് വിൽക്കുന്നത്.ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും മരുന്നുകൾ സംഭരിക്കുന്ന വിലയും രോഗികൾക്ക് നൽകുന്ന വിലയും തമ്മിലുള്ള വലിയ വ്യത്യാസം നിയമംമൂലം നിയന്ത്രിക്കുകയും നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റിയും സ്റ്റേറ്റ് ഡ്രഗ് കണ്ട്രോളറും ചേർന്ന് മരുന്നുകളുടെ വില നിയന്ത്രണം നടപ്പാക്കുന്നതിൽ ഇടപെടുകയും വേണം. ചൂഷണം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.ടി. ജോർജ് അധ്യക്ഷത വഹിച്ചു. സ്റ്റീഫൻ സാജു, പി. പ്രഭാകരൻ നായർ, സച്ചിൻ സുനിൽ, ലിയൊ ജോണ്, ഓമന ജോസഫ്, അബ്ദുറഹിമാൻ, ലിന്റൊ കുര്യാക്കോസ്, മോസസ് സജി, അജീഷ് കിരികുന്നേൽ, ശിവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.