പ്രതീകാത്മക ചിത്രം
മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളജിലെ നേത്രബാങ്ക് പൂര്‍ണമായി പ്രവര്‍ത്തന സജ്ജമായില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച ഉപകരണങ്ങളും കാലഹരണപ്പെട്ട് തുടങ്ങി. ജീവനക്കാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് യൂണിറ്റ് സ്ഥാപിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പൂര്‍ണ രീതിയില്‍ പ്രവര്‍ത്തനക്ഷമമാകാത്തത്. ഇത് ചികിത്സ തേടി എത്തുന്നവര്‍ക്ക് പ്രതിസന്ധി സൃഷ്ട്ടിക്കുകയാണ്.
നേത്രദാനം മഹാദാനം എന്ന സന്ദേശം ഉയര്‍ത്തി വീണ്ടുമൊരു ദേശീയ നേത്രദാന പക്ഷാചാരണം ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംമ്പര്‍ എട്ടു വരെ ആചരിക്കുമ്പോള്‍ നേത്ര ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമാകാത്തത് ഉന്നത അധികൃതരുടെ നിസംഗതയാണെന്നാണ് ആരോപണം ഉയരുന്നത്.
നേത്ര പടലം മാറ്റിവയ്ക്കുന്നതില്‍ (കെരാറ്റോപ്ലാസ്റ്റി) പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെ അഭാവമാണ് നേത്രബാങ്ക് പ്രവര്‍ത്തനത്തിന് വിഘാതമായി ചൂണ്ടി കാട്ടപ്പെടുന്നത്.
ദേശീയ അന്ധത നിയന്ത്രണ പരിപാടിയുടെ ഭാഗമായി ലഭിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ് നാല് വര്‍ഷം മുന്‍പ് നേത്ര ബാങ്ക് സ്ഥാപിക്കുകയും ഉപകരണങ്ങള്‍ സജ്ജീകരിക്കുകയും ചെയ്തത്. 30 ലക്ഷം രൂപ ചെലവഴിച്ച് സ്പെക്യൂലാര് മൈക്രോസ്കോപ്പ്, ലാമിനാര്‍ ഫ്ലോ, എംകെ മീഡിയം എന്നീ ഉപകരണങ്ങള്‍ എത്തിക്കുകയും 10 ലക്ഷം രൂപ ചെലവഴിച്ച് കംപ്യൂട്ടര്‍, എസി എന്നിവ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ആവശ്യമായ ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് മെഷീനുകള്‍ നോക്ക് കുത്തിയായി മാറുകയും കാലഹരണപ്പെടുകയുമായിരുന്നു.
2019 ല്‍ നേത്ര ചികിത്സ ശസ്ത്രക്രിയ വിഭാഗം ഉദ്ഘാടനം ചെയ്തെങ്കിലും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാത്തതിനാല്‍ ഓപറേഷന് തിയറ്റര്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല.
ആശുപത്രിയിലെ മറ്റ് ഓപറേഷന് തിയറ്ററുകളിലാണ് ഇപ്പോള്‍ ശസ്ത്രക്രിയ നടത്തുന്നത്. നേത്രദാനത്തിനായി നിരവധി പേര് സമ്മതപത്രം നല്‍കുന്നുണ്ടെങ്കിലും നേത്രം നീക്കം ചെയ്തതിന് ശേഷം മറ്റൊരാള്‍ക്ക് വച്ചു പിടിപ്പിക്കാനുള്ള സംവിധാനം ഇല്ലാത്തതാണ് ഏറ്റവും വലിയ അപാകതയായി വിലയിരുത്തപ്പെടുന്നത്. എത്രയും വേഗം പരിശീലനം ലഭിച്ച ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരെ നിയമിച്ചു നേത്രബാങ്ക് പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നത്.
Tags : Nattuvishesham DistrictNews DeepikaNews Eye bank