മട്ടന്നൂരിൽ വ്യാജ ബയോ കാരിബാഗുകൾ പിടികൂടിയപ്പോൾ.
മട്ടന്നൂർ: കോഴിക്കോട് ജില്ലയിൽ നിന്ന് നിരോധിത കാരി ബാഗുകളുമായി മട്ടന്നൂരിലെത്തിയ വാഹനം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. ഇരിട്ടി, മട്ടന്നൂർ ഭാഗത്തെ വ്യാപാരികൾക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന 30 കിലോ വ്യാജ ബയോ കാരി ബാഗുകളാണ് സ്ക്വാഡ് പിടിച്ചെടുത്തത്. ബയോ കാരി ബാഗുകൾ എന്ന് തെറ്റിധരിപ്പിക്കുന്ന രീതിയിൽ ക്യൂ ആർ കോഡും മറ്റു രേഖപ്പെടുത്തലുകളുമായുള്ള വ്യാജ ബയോ കാരി ബാഗുകളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശ പ്രകാരമുള്ള ഡൈക്ലോറോ മീഥൈൻ ടെസ്റ്റ് തത്സമയം നടത്തി ഉറപ്പുവരുത്തിയാണ് സ്ക്വാഡ് വ്യാജ ഉത്പന്നം തിരിച്ചറിഞ്ഞത്. ഡൈക്ലോറോ മീഥൈൻ ലായനിയിൽ ബയോ ക്യാരീ ബാഗുകൾ പൂർണമായി ലയിക്കുമെങ്കിലും പ്ലാസ്റ്റിക് ലയിക്കില്ല. വടകരയിലെ സ്റ്റാർ നൈലോൺസ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ നിന്നാണ് നിരോധിത വസ്തുക്കൾ പിടിച്ചെടുത്തത്.
മുമ്പും ഇതേ ഏജൻസിയുടെ മറ്റു വാഹനങ്ങൾ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയിട്ടുണ്ട്. മട്ടന്നൂർ നഗരസഭ ആരോഗ്യ വിഭാഗം പതിനായിരം രൂപ പിഴയീടാക്കി. പിടിച്ചെടുത്ത ഉത്പന്നങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് മട്ടന്നൂർ നഗരസഭ എംസിഎഫിലേക്ക് മാറ്റി.
ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് അംഗങ്ങളായ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ എന്നിവരോടൊപ്പം നഗരസഭാ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ യു.കെ. സനൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. പ്രസാദ് എന്നിവരും പങ്കെടുത്തു.