ചുണ്ണാമ്പ് വിതരണം നീണ്ടുപോകുന്നതിനെതിരേ വണ്ടാഴി കൃഷിഓഫീസിൽ കർഷകർ നടത്തിയ ഉപരോധസമരം.
വടക്കഞ്ചേരി: പണമടച്ച് ആറുമാസമായിട്ടും ചുണ്ണാമ്പ് വിതരണം ആരംഭിക്കാത്തതിനെതിരേ കർഷകർ വണ്ടാഴി കൃഷിഭവനിൽ ഉപരോധസമരം നടത്തി. പഞ്ചായത്ത് മെംബറും വളയൽപാടശേഖര സമിതി സെക്രട്ടിയുമായ ഡിനോയ് കോമ്പാറ, ചാത്തൻകുറിശി പാടശേഖര പ്രസിഡന്റ് എ.എസ്. രാംദാസ്, സെക്രട്ടറി കെ.എ. സിദ്ദിഖ് എന്നിവർ നേതൃത്വം നൽകി.
ഒരുപറ നിലത്തിനു പത്തുകിലോ എന്ന കണക്കിലാണ് കഴിഞ്ഞ ജനുവരിയിൽ കർഷകർ ചുണ്ണാമ്പിനായി കൃഷിഭവനിൽ പണമടച്ചത്. ഒന്നാംവിളയ്ക്ക് നിലംഒരുക്കുമ്പോൾ ചേർക്കേണ്ട ചുണ്ണാമ്പ് ഇത്രയും മാസങ്ങൾ പിന്നിട്ടിട്ടും വിതരണമുണ്ടാകുന്നില്ലെന്നു കർഷകർ പറഞ്ഞു.
ചുണ്ണാമ്പ് പുറമെനിന്ന് വലിയ വില കൊടുത്ത് വാങ്ങിയാണ് ഒന്നാം വിളകൃഷിയിറക്കിയിട്ടുള്ളത്. ചുണ്ണാമ്പ് വിതരണത്തിന് തടസങ്ങളുണ്ടെങ്കിൽ അടച്ച പണം പലിശ സഹിതം തിരിച്ചുനൽകണമെന്നാണ് കർഷകരുടെ ആവശ്യം.
ചുണ്ണാമ്പ് വിതരണ ഏജൻസികൾക്ക് കഴിഞ്ഞ സർക്കാർ കുടിശികയായി ഭീമമായ തുക നൽകാനുള്ളതിനാലാണ് ഇവർ കൃഷിഭവനുകളിൽ ചുണ്ണാമ്പ് എത്തിക്കാത്തതെന്നും ആക്ഷേപമുണ്ട്.
Tags : Nattuvishesham District news