ശാസ്താംനട ജംഗ്ഷനിൽ റോഡിന്റെ വശത്തായി കിടക്കുന്ന തടി കഷണം.
ശാസ്താംകോട്ട : തിരക്കേറിയ പാതയോരങ്ങളില്‍ മുറിച്ചിട്ടിരിക്കുന്ന വലിയ തടികള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് വെട്ടിയിട്ട വൃക്ഷത്തിന്റെ വലിയ കഷണം ശാസ്താംനട ജംഗ്ഷനിലെ ഒരു വശ ത്തായി കിടപ്പുണ്ട്. പരിസരത്തെ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും കാല്‍നടയാത്രികര്‍ക്കും അപകടമുണ്ടാക്കുന്ന തരത്തിലായിട്ടും ഇവ മാറ്റാന്‍ നടപടിയില്ല.
പാതകളുടെ വക്കില്‍ അപകടകരമായി പലയിടത്തും നിന്ന മരങ്ങള്‍ പിഡബ്ല്യുഡി അധികൃതര്‍ ഇടപെട്ട് മാസങ്ങള്‍ക്കു മുന്‍പ് മുറിച്ചുമാറ്റി. ശാസ്താംകോട്ട-ഭരണിക്കാവ് പാതയില്‍ പെട്രോള്‍ പമ്പിന് തെക്ക് വളവില്‍ നിന്ന കൂറ്റന്‍മരവും ഇത്തരത്തില്‍ വെട്ടി. അവ കഷണങ്ങളാക്കി പാതവക്കില്‍ കൂട്ടിയിട്ടു. മാസങ്ങള്‍ കഴിഞ്ഞിട്ടും തടികള്‍ നീക്കംചെയ്യാതെ ഇട്ടിരിക്കുകയാണ്.
തിരക്കുള്ള പാതയില്‍ വീതികുറഞ്ഞഭാഗത്താണ് തടി കൂട്ടിയിട്ടിരിക്കുന്നത്. അവിടം കാടുവളര്ന്നുകയറി പാതയിലേക്കെത്തി.തടി കിടക്കുന്നത് പെട്ടെന്ന് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടാറില്ല. രാത്രികാലങ്ങളില്‍ അപകടസാധ്യതയേറുകയാണ്. ആ ഭാഗത്ത് വെളിച്ചവുമില്ല. ഇഴജന്തുക്കളുടെ ശല്യവും വര്‍ധിച്ചെന്ന് നാട്ടുകാര്‍ പറയുന്നു.
എന്‍എസ്എസ് യൂണിയന് ഓഫിസിന് സമീപത്തുണ്ടായിരുന്ന വലുതും ചെറുതുമായ വൃക്ഷങ്ങളുടെ ശിഖരങ്ങളും ഇത്തരത്തില്‍ വെട്ടിമാറ്റി പാതയോരത്ത് തള്ളി. വഴി നടക്കാനോ ഒഴിഞ്ഞുനില്‍ക്കാനോ ഇടമില്ലാതായി. തണലുള്ളതിനാല്‍ ദീര്‍ഘദൂര വാഹനങ്ങള്‍ വിശ്രമിക്കുന്നതിനായി നിര്‍ത്തിയിടുന്ന സ്ഥലംകൂടിയായിരുന്നു അവിടം. ഇപ്പോള്‍ അതും ഇല്ലാതായി.
ചക്കുവള്ളി-പുതിയകാവ് പാതയിലും വെട്ടിയിട്ട മരങ്ങള്‍ അപകടകരമായി കിടക്കുന്നുണ്ട്. ശാസ്താംനട ജംഗഷനില്‍ കിടക്കുന്ന തടി മാറ്റണമെന്ന ആവശ്യം വ്യാപാരികളും സ്കൂള്‍ അധികൃതരും ഉന്നയിക്കുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. അവ നീക്കംചെയ്യാതെ പാതയോടു ചേര്‍ന്ന് കിടക്കുകയാണ്. കുട്ടികള്‍ സ്കൂളിലെത്തുന്നത് പാതയോരത്തുകൂടിയാണ്. എന്നാല്‍ തടികള്‍ നടപ്പാതയോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ കുട്ടികളുടെ നടപ്പാത ഇല്ലാതായി. കുട്ടികള്‍ നിലവില്‍ റോഡില്‍ക്കൂടി നടക്കേണ്ട അവസ്ഥയാണ്. ആ ഭാഗത്താണ് ബസുകള്‍ക്ക് സ്റ്റോപ്പുള്ളതും. എന്നിട്ടും ജനത്തിന്റെ ദുരിതം മാറ്റാന്‍ നടപടിയില്ല.
Tags : Felled logs NattuVishasham DistrictNews