കൽപ്പറ്റ: ഡോ. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ, വയനാട് ട്രൈബൽ ഡവലപ്മെന്റ് ആക്ഷൻ കൗണ്‍സിൽ എന്നിവ ഒപ്പറ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ പുത്തൂർവയലിൽ ചലച്ചിത്രമേള സംഘടിപ്പിച്ചു. നോവലിസ്റ്റും സോഷ്യൽ സയന്റിസ്റ്റുമായ സി.എസ്. ചന്ദ്രിക ഉദ്ഘാടനം ചെയ്തു. ദൃശ്യഭംഗി ഉള്ളതുകൊണ്ടുമാത്രം സിനിമയ്ക്ക് കലാമൂല്യം ഉണ്ടാകില്ലെന്ന് അവർ പറഞ്ഞു. വയനാട് ട്രൈബൽ ഡവലപ്മെന്റ് ആക്ഷൻ കൗണ്‍സിൽ പ്രസിഡന്റ് സി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
ഒപ്പറ ഫിലിം സൊസൈറ്റി ജോയിന്റ് സെക്രട്ടറി കെ.എ. അരുണ്‍, ട്രൈബൽ ഡവലപ്മെന്റ് ആക്ഷൻ കൗണ്‍സിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഗോവിന്ദൻ മേപ്പാടി, ഡോ. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഡവലപ്മെന്റ് കോ ഓർഡിനേറ്റർ ഡോ. വിപിൻദാസ്, ഒപ്പറ ഫിലിം സൊസൈറ്റി സെക്രട്ടറി അറവൻ എന്നിവർ പ്രസംഗിച്ചു.
രാംദാസ് കടവല്ലൂർ സംവിധാനം ചെയ്ത "മണ്ണ് ’എന്ന ഡോക്യുമെന്ററിയായിരുന്നു ഉദ്ഘാടന ചിത്രം. ഇതിന്റെ പ്രദർശനത്തെത്തുടർന്ന് നടന്ന ഓപ്പണ്‍ ഫോറം തിയറ്റർ ആർട്ടിസ്റ്റ് സുനീഷ് വടക്കുന്പാടൻ ഉദ്ഘാടനം ചെയ്തു. ഫ്രീലാൻസ് ജേർണലിസ്റ്റ് വി.സി. ആശ മോഡറേറ്ററായി. സംവിധായകൻ രാംദാസ് കടവല്ലൂർ പങ്കെടുത്തു. മണ്ണ് എന്നത് നിലനിൽപ്പിന്റെയും സംസ്കാരത്തിന്റെയും അടിത്തറയാണെന്ന് അദ്ദേഹം പറഞ്ഞു. ഗാഡ്ഗിൽ റിപ്പോർട്ട്, ഭാഷയിലെ ജാതീയത, ഇന്ത്യൻ സമാന്തര സിനിമയിലെ ബ്രാഹ്മണിക് ഐഡിയോളജി എന്നീ വിഷയങ്ങൾ ഫോറത്തിൽ ചർച്ചയായി. അമാൻഡ കെർണൽ സംവിധാനം ചെയ്ത സ്വീഡിഷ് ചിത്രം സമി ബ്ലഡിന്റെ പ്രർശനവും നടന്നു.