ചേര്‍ത്തല: നഗരത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ബേക്കറിയില്‍ തീപിടിത്തം. പാചകവാതക സിലണ്ടർ പൊട്ടിത്തെറിച്ച് ബേക്കറിയിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു.
ഇന്നലെ രാവിലെ 10.30 ഓടെയാണ് വയലാർ റെയ്ഹാൻ മൻസിൽ മൻസൂറിന്റെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാർ ബേക്കറിയിൽ അഗ്നിബാധയുണ്ടായത്. ബേക്കറിയുടെ മുകൾ ഭാഗത്തുള്ള ബോർമയിൽ നിന്നു തീ ഗ്യാസ് സിലിണ്ടറിലേക്കു പടരുകയായിരുന്നു.
ചേർത്തലയിൽനിന്ന് അഗ്നിശമനസേനയുടെ മൂന്നു യൂണിറ്റുകളെത്തി ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. സമീപപ്രദേശത്തുള്ള കടകളിലേക്കു തീ പടരാതിരിക്കാൻ ചേർത്തല പോലീസും അഗ്നിശമനസേനയും നാട്ടുകാരും പരിശ്രമിച്ചു.
ബേക്കറിയുടെ മുകളിലത്തെ നിലയിലെ അടുക്കള ഭാഗത്താണ് ആദ്യം തീ പടർന്നത്. പാചക വാതക സിലിണ്ടറിൽനിന്ന് പാചക വാതകം ചോർന്നതാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. മുകളിലത്തെ നില പൂർണമായും കത്തിനശിച്ചു. അടുക്കളയിലുണ്ടായിരുന്ന രണ്ടു പാചകവാതക സിലണ്ടറുകൾ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
Tags : nattu vishesham Fire breaks bakery