തുലാപ്പള്ളി ആലപ്പാട് ജംഗ്ഷനിൽ ഫയർ ഫോഴ്സ് വാഹനം മറിഞ്ഞുണ്ടായ അപകടം.
കണമല: കുത്തിറക്കത്തിൽ നിയന്ത്രണംവിട്ട ഫയർഫോഴ്സ് വാഹനം റോഡിൽ നിർത്തിയിരുന്ന വാഹനങ്ങളിൽ ഇടിച്ചുകയറി മറിഞ്ഞ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു.
തിരുവല്ല അഗ്നിരക്ഷാനിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രഞ്ജിത്ത് കുമാർ (39) ആണ് മരിച്ചത്. കൊല്ലം ആയൂർ സ്വദേശിയാണ്. അപകടത്തിൽ ഫയർഫോഴ്സ് ജീവനക്കാർ ഉൾപ്പെടെ ആറു പേർക്കു പരിക്കേറ്റു.
ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ ചേര്‍ത്തല സ്വദേശി ജോബിന് വര്‍ഗീസ് (42), നെയ്യാറ്റിന്‍കര സ്വദേശി രാംലാല്‍ (41 ), മണ്ണഞ്ചേരി സ്വദേശി കെ.ബി. ഹാഷിം (44), വാമനപുരം സ്വദേശി വി.ആര്. അഭിലാഷ് (44), ചേര്‍ത്തല സ്വദേശി വി. അഭിലാഷ് (46), ഫോറസ്റ്റ് ഓഫീസര്‍ ഇടകടത്തി സ്വദേശി ഫ്രണ്ട് (58)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ തുലാപ്പള്ളി ആലപ്പാട് ജംഗ്ഷനിലാണ് അപകടം. ശബരിമല ഡ്യൂട്ടിക്കായി പോവുകയായിരുന്ന വാഹനത്തിൽ ഏഴ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന തമിഴ്നാട്ടിൽനിന്നുള്ള ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽ പൂർണമായും തകർന്നു. കണമല ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാർ വന്ന വനം വകുപ്പിന്റെ നിർത്തിയിട്ടിരുന്ന ജീപ്പിലും മറ്റൊരു ജീപ്പിലും ഫയർഫോഴ്സ് വാഹനം ഇടിച്ചിരുന്നു. നിർത്തിയിട്ടിരുന്ന ഈ വാഹനങ്ങളിൽ ആളുകൾ ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
ഫയർ ഫോഴ്സിന്റെ വാഹനം മറിഞ്ഞ ഉടനെ അഞ്ച് ഉദ്യോഗസ്ഥർക്ക് പുറത്തിറങ്ങാൻ സാധിച്ചു. കുടുങ്ങിക്കിടന്ന രണ്ട് ഉദ്യോഗസ്ഥരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇവരിൽ സാരമായി പരിക്കേറ്റ രഞ്ജിത്ത് കുമാറാണ് കോട്ടയം മെഡിക്കൽ കോളജിൽ മരണപ്പെട്ടത്.
മറ്റ് ഉദ്യോഗസ്ഥർക്ക് നിസാര പരിക്കുകളാണുള്ളത്. വനം വകുപ്പിന്റെ ജീപ്പിലും മറ്റ് വാഹനങ്ങളിലുമുണ്ടായിരുന്നവർ സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് സ്ഥലത്ത് ഗതാഗത തടസമുണ്ടായെങ്കിലും പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് സ്ഥിതി നിയന്ത്രിച്ചു.
കർക്കടകത്തിന്റെ ആദ്യ ദിവസങ്ങളിൽ ശബരിമല ദർശനത്തിനായി തീർഥാടകർ ഏറെ എത്തുന്നതിനാൽ പമ്പ റൂട്ടിൽ തിരക്കേറെയാണ്. തുലാപ്പള്ളി വഴി പമ്പയിലേക്കുള്ള കുത്തനെ കയറ്റം നിറഞ്ഞ എളുപ്പമാർഗമായ റോഡിൽ മരണങ്ങൾ ഉൾപ്പടെ ഒട്ടേറെ അപകടങ്ങൾ മുമ്പ് സംഭവിച്ചിട്ടുണ്ട്. ഇത് മുൻനിർത്തി ഈ റോഡിൽ തീർഥാടക വാഹനങ്ങൾ കടത്തിവിടാറില്ല. ഫയർ ഫോഴ്സ് വാഹനം വന്നത് അപകടകരമായ ഈ വഴിയിലാണ്
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Tags : Local News Nattuvishesham Firefighter dies vehicle crashes i