കെ.പി. മുബഷീർ
തൃശൂര്‍: ശക്തനിലെ മത്സ്യമാംസമാര്ക്കറ്റിലെ കടകളില്‍നിന്നു പണവും മൊബൈലുകളും മോഷ്ടിച്ചുമുങ്ങിയ സമീപത്തെ കടയിലെ ജീവനക്കാരന് പിടിയില്‍. കണ്ണൂര്‍ പാലപ്പള്ളി ചാവശേരി പറമ്പത്ത് കെ.പി. മുബഷീറിനെയാണ് (32) ഈസ്റ്റ് പോലീസ് പിടികൂടിയത്. ആലപ്പുഴയിലെ ഹോം സ്റ്റേയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. കഴിഞ്ഞ ഒന്നാംതീയതിയാണ് മോഷണം നടത്തിയശേഷം മുങ്ങിയത്.
മുക്കാട്ടുകര സ്വദേശി എം.കെ. ഷാബുവിന്റെ ഉടമസ്ഥതയിലുള്ള എംവികെ എന്ന കടയില്‍നിന്ന് പതിനായിരം രൂപയും അഞ്ചേരി സ്വദേശി അഖിലിന്റെ ഉടമസ്ഥതയിലുള്ള കെപിസി ആന്‍ഡ് സണ്‍സ് എന്ന കടയില്‍നിന്ന് അന്‍പതിനായിരം രൂപയും കടകളിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണുകളുമാണ് മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍നിന്നു മോഷ്ടാവിനെ തിരിച്ചറിഞ്ഞിരുന്നു.
പുലര്‍ച്ചെ ലോഡ് വരുന്നതിനാല്‍ കടകളിലെ ഷട്ടറുകള്‍ പൂര്‍ണമായി അടച്ചിടുന്ന പതിവില്ല. ഇതറിയാവുന്ന മുബഷീര്‍ പുലര്‍ച്ചെതന്നെ മോഷണം നടത്തുകയായിരുന്നു. മോഷണത്തിനിടെ കോണിയില്‍നിന്നു തെന്നിവീണ ശബ്ദംകേട്ട് കടയില്‍ കിടന്നുറങ്ങുന്നവര്‍ ഇയാളെ കണ്ടെങ്കിലും സുപരിചിതനായതിനാല്‍ സംശയിച്ചില്ല. പിന്നീടു മോഷണദൃശ്യങ്ങളിലൂടെയാണ് ഇയാളെ തിരിച്ചറിഞ്ഞത്.
കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാളെക്കെതിരേ മോഷണക്കേസുകളുണ്ട്. ഇതില്‍ മൂന്നു കേസുകളില്‍ വാറന്റുണ്ട്.
എസിപി വി. സുരേഷ്, ഈസ്റ്റ് സിഐ പി.വി. ജിജോ, എസ്ഐമാരായ ബിബിന്‍ ബി.നായര്‍, റെജിന്‍ രാജ്, ബാലസുബ്രഹ്മണ്യന്, എസിപി സ്ക്വാഡ് അംഗങ്ങളായ ഹരീഷ്, ദീപക്, സൂരജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags : Fish market nattuvishesham local news