കൊച്ചി: ട്രോളിംഗ് നിരോധനം ലംഘിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്. ട്രോളിംഗ് നിരോധനം ലംഘിച്ച് കിളിമീന്‍ പിടിച്ച സെന്റ് ആന്റണീസ് എന്ന വള്ളം വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു. കേരള മറൈന്‍ ഫിഷിംഗ് റെഗുലേഷന് ആക്ട്, കേരള മണ്‍സൂണ്‍ ഫിഷറി (പെലാജിക്) പ്രൊട്ടക്ഷന്‍ ആക്ട് എന്നിവ പ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തി വള്ളത്തിന് 67,000 രൂപ പിഴയീടാക്കി.
ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകുന്ന അനധികൃത മത്സ്യബന്ധനം നടത്തരുതെന്നും 26 നോട്ടിക്കല്‍ മൈല്‍ അകലെ വരെ പോയി മത്സ്യബന്ധനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഈ മേഖലയില്‍ രാത്രിയും പകലും മത്സ്യബന്ധനത്തിന് രാജ്യത്തുടനീളം വിലക്കുണ്ട്.
വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടാകും. അനധികൃത മത്സ്യബന്ധനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.സിന്ധു പറഞ്ഞു. കോസ്റ്റല്‍ പോലീസ് സിപിഒ ജെയ്മോന്, ഫിഷറീസ് ഗാര്‍ഡ് അനീഷ്, എആര്ബിഐ സിപിഒ അരുണ്‍, സീ റെസ്ക്യൂ ഗാര്‍ഡ് വിനു, ശ്രീകാന്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Tags : Local News Nattuvishesham Ernakulam