പ്രതീകാത്മക ചിത്രം
മരട്: മരട് നഗരസഭാ പരിധിയിലെ തെരുവുനായ ശല്യത്തിനുള്ള പരിഹാരത്തിനായി മരട് നഗരസഭയും മൃഗസ്നേഹികളും സന്നദ്ധ സംഘടനകളും തമ്മിൽ ഇന്ന് നഗരസഭാ കാര്യാലയത്തിൽ ചർച്ച നടക്കാനിരിക്കെ, ചർച്ചയുടെ ഫലപ്രാപ്തികൾക്കൊന്നും കാത്തു നിൽക്കാതെ തെരുവുനായ പിന്നെയും നാട്ടുകാരെ ആക്രമിച്ചു. മരട് ഭാവന റോഡിലാണ് കഴിഞ്ഞ ദിവസം തെരുവുനായ് അഞ്ചുപേരെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
വള്ളിപ്പറമ്പിൽ നാരായണൻ നായർ (77), ആന്ധ്രാ സ്വദേശി ലന്താനി ടട്ഗി (50), കണ്ണാടിക്കാട് പള്ളിപ്പറമ്പിൽ ജോയൽ (23) എന്നിവർക്കും മറ്റു രണ്ടു പേർക്കുമാണ് കടിയേറ്റത്. ഞായർ വൈകിട്ടോടെയായിരുന്നു തെരുവുനായയുടെ ഓടി നടന്നുള്ള ആക്രമണം. പലരുടെയും പരിക്ക് ആഴത്തിലുള്ളതാണ്. കടിയേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.
തുടർന്ന് അധികൃതരുടെ നിർദേശപ്രകാരം നായ പിടുത്തക്കാരെത്തി നായയെ പിടികൂടി, പേവിഷ ബാധയുണ്ടോയെന്നറിയാൻ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഏഴാം ക്ലാസ് വിദ്യാർഥിനിക്കും തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.
ഇലഞ്ഞിമറ്റം അപ്പാർട്ട്മെന്റിൽ താമസിക്കുന്ന പ്രിയയുടെ മകൾ നദാനിയ (13) നാണ് കുണ്ടന്നൂർ രണ്ടാം ഡിവിഷൻ ചിലവന്നൂർ റോഡ് വാണിശേരി കവലയിൽ വച്ച് തെരുവ് നായയുടെ ആക്രമണമുണ്ടായത്. കൈക്കും കാലിനും പരിക്കേറ്റ വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.