മലങ്കര ഡാം
മൂവാറ്റുപുഴ : മലങ്കര ഡാമിലെ ജലനിരപ്പ് 42 മീറ്ററിലെത്തിയാല്‍ ജലനിരപ്പ് ക്രമീകരിക്കേണ്ടി വരുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. മഴക്കെടുതിയുമായി ബന്ധപ്പെട്ടു എംഎല്‍എ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ചു ധാരണയായത്. മലങ്കര ഡാമിലെ നിലവിലെ ജലനിരപ്പ് 41.3 മീറ്ററാണ്.
മാധ്യമങ്ങള്‍, നവ മാധ്യമങ്ങള്‍ എന്നിവ വഴി പൊതുജനങ്ങളെ കൃത്യമായി കാര്യങ്ങള്‍ അറിയിക്കും. ആവോലി, മൂവാറ്റുപുഴ നഗരസഭ പരിധിയിലെ കൊച്ചങ്ങാടി, ഇലാഹിയ നഗര്‍, രണ്ടാര്‍, കടാതി, കവലങ്ങാട്ട് എന്നിവിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ഡ്രെയിനേജ് പ്രശ്നം പരിഹരിക്കാന്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ടൗണ്‍ യുപി സ്കൂളില്‍ സജ്ജികരിച്ച ക്യാമ്പില്‍ 33 പേരും കടാതിയിലെ ക്യാമ്പില്‍ 16 പേരും വാഴപ്പിള്ളി ജെബിഎസില്‍ 21 പേരും എന്‍എസ്എസ് കരയോഗം ഹാളില്‍ 16 പേരും കമ്യൂണിറ്റി ഹാളില്‍ മൂന്നുപേരും ഉണ്ട്. താമസക്കാര്‍ക്കാവശ്യമായ ചെലവുകള്‍ അതാത് തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കുമെന്ന് എംഎല്‍എ അറിയിച്ചു. ക്യാമ്പുകളില്‍ ആവശ്യമായ ഡോക്ടര്‍മാരുടെ സേവനം നിലവില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇലാഹിയ കോളനിയില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലായി വൈദ്യുതി വിതരണം വിച്ഛേദിക്കും. മാറാടി വില്ലേജില്‍ കൃഷ്ണപിള്ള റോഡില്‍ നിന്ന് കല്ല് റോഡിലേക്ക് ചാടിക്കിടക്കുന്ന പ്രശ്നം സംബന്ധിച്ച് പരിശോധന നടത്തി ആവശ്യമായ പരിഹാരം നിര്‍ദേശിക്കാന്‍ വില്ലേജ് ഓഫീസറോട് എംഎല്‍എ പറഞ്ഞു. ജില്ലാ ഹസാര്‍ഡ് അനലിസ്റ്റും ജിയോളജിസ്റ്റും സ്ഥലം സന്ദര്‍ശിച്ചു ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
വെള്ളൂര്‍ക്കുന്നം കോര്‍മലയില്‍ താമസിക്കുന്ന കുടുംബങ്ങളെ അവിടെ നിന്നും മാറ്റി താമസിക്കുവാന്‍ അടിയന്തരമായി നോട്ടീസ് നല്‍കാനും നിർദേശമുണ്ട്. ജില്ലയുടെ ചുമതലയുള്ള മന്ത്രി റോജി എം. ജോണിനെ ഫോണില്‍ ബന്ധപ്പെട്ട് എംഎല്‍എ വിവരങ്ങള്‍ ധരിപ്പിച്ചു. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി, പഞ്ചായത്ത് പ്രസിഡന്റുമാരായ സാബു പൊതൂര്‍, ജോജി ജോസ്, രജിത സുധാകരന്, ഷാന്റി ഏബ്രഹാം, ആര്‍ഡിഒ വി.ഇ. അബ്ബാസ്, തഹസില്‍ദാര്‍ ബി. അഖിലേഷ് കുമാര്‍, ആരോഗ്യ വകുപ്പ്, കെഎസ്ഇബി, വില്ലേജ് ഓഫീസര്‍മാര്‍, സിവില്‍ ഡിഫന്‍സ്, പിഡബ്ല്യുഡി, ഫയര്‍ ആൻഡ് റെസ്ക്യൂ സര്‍വീസസ്, പോലീസ്, മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Nattuvishesham District News ‘Water level Malankara Dam