ശ്രീനാരായണപുരം: രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കാൻ പെരുംതോട് ശുചീകരണങ്ങളുമായി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണസേന.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പെരിഞ്ഞനം മുതൽ എറിയാടുവരെ അഞ്ചു പഞ്ചായത്തുകളിലായി 16 കി.മീറ്ററോളം നീളത്തിൽ സ്ഥിതിചെയ്യുന്ന പെരുംതോട് ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ 2.47 കി.മീറ്റർ കടന്നുപോകുന്നു. മുൻകാലങ്ങളിൽ പ്രധാന ജലഗതാഗതമാർഗമായിരുന്ന പെരുംതോട് ഇന്ന് കെെയേറ്റങ്ങൾകൊണ്ടും മാലിന്യങ്ങൾകൊണ്ടും നാശത്തിന്റെ വക്കിലാണ്. മുൻകാലങ്ങളിൽ വിവിധ ജലസ്രോതസുകളിൽനിന്നു സുഗമമായി കടലിലേക്ക് വെള്ളം ഒഴുകിപ്പോയിരുന്നു. പക്ഷെ നിയമലംഘന പ്രവർത്തങ്ങൾകൊണ്ട് തണ്ണീർത്തടങ്ങളും വിവിവിധ ജലസ്രോതസുകളും സ്വകാര്യ വ്യക്തികൾ നികത്തിയതുകാരണം രൂക്ഷമായ വെള്ളക്കെട്ടിന് വഴിയൊരുക്കി.
കടുത്ത ശുദ്ധജലക്ഷാമവും നേരിടുന്ന ഗ്രാമപഞ്ചായത്തിന്റെ 2,3,16,17,18,19 എന്നീ വാർഡുകളിലൂടെ കടന്നുപോകുന്ന പെരുംതോട് കുളവാഴ, ചണ്ടി, പുല്ലുകൾ മറ്റു മാലിന്യങ്ങൾ നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട് പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. മഴക്കാലത്ത് നെൽപിണിതോട്ടിൽനിന്നും മറ്റ് വാർഡുകളിലെ ഉപതോടുകളിൽനിന്നും വലിയതോതിൽ വെള്ളമൊഴുകി പെരുംതോട്ടിലാണ് എത്തിച്ചേരുന്നത്.
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ദുരന്തനിവാരണസേനയുടെ നേതൃത്വത്തിൽ പത്തോളം സേനാംഗങ്ങൾ ജെസിബിയും മറ്റും ഉപയോഗിച്ച് ദിവസങ്ങളായുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. നീർനായക്കൂട്ടങ്ങളുടെ ആക്രമങ്ങളും മറ്റും പ്രതിരോധിച്ചുകൊണ്ടാണ് അപകടസാധ്യത നിറഞ്ഞ പെരുംതോട് വൃത്തിയാക്കുന്ന പ്രവൃത്തി നടത്തുന്നത്. ദുരന്തനിവാരണ സേന കാപ്റ്റൻ രാജേഷ് കൈതക്കാട്ടിന്റെ നേതൃത്വത്തിലുള്ളവരാണ് ശുചീകരണ പ്രവൃത്തിയിൽ സജീവമായുള്ളത്. പെരുംതോട് ശുചീകരണം 15 ദിവസംകൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.