തലയോലപ്പറമ്പ്: സുറിയാനി ക്രൈസ്തവരുടെ പുതുപാരമ്പര്യത്തിൽപ്പെട്ട സാംസ്കാരിക ആചാരാനുഷ്ഠാനങ്ങളും വേഷവിതാനവും ഭക്ഷണരീതിയും കലാരൂപങ്ങളും അനുഭവവേദ്യമാക്കാൻ സംഘടിപ്പിച്ച ഭക്ഷ്യമേളയും കലാരൂപങ്ങളും പുതുതലമുറയ്ക്കു നവ്യാനുഭവമായി.
തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന വിമൻ വെൽഫയർ സർവീസസിന്റെ നേതൃത്വത്തിലാണ് രുചിവൈവിധ്യത്തിന്റെ കലവറ തുറന്നത്. 80നുമീതെ പ്രായമുള്ള മുത്തശിമാർ മുതൽ ചെറുപ്പക്കാരായ വീട്ടമ്മമാരടക്കം അറുപതോളം പേരാണ് വീട്ടിൽ തയാറാക്കിയ കപ്പയും ഇറച്ചിയും, പിടിയും കോഴിയും, കപ്പയും മീനും, തേങ്ങാപ്പാൽ കപ്പ, ചെണ്ടക്കപ്പ - കാന്താരി, തൈര് കഞ്ഞി, അപ്പം-ബീഫ് , താറാവ് മപ്പാസ്, പാൽച്ചോറ്, മുളയരിപ്പായസം, വാട്ടക്കപ്പ ഉലർത്ത് - ചുട്ട മീൻ, കുമ്പിളപ്പം, ഓട്ടട, വട്ടയപ്പം തുടങ്ങി നൂറിലധികം വിഭവങ്ങളുമായെത്തി പുതുതലമുറയ്ക്കു പകർന്നുനൽകിയത്. തുടർന്ന് വിഭവങ്ങളുടെ ചേരുവകളും പാചകത്തിന്റെ രസതന്ത്രവും മേളയിൽ പങ്കെടുത്തവരുമായി പങ്കുവച്ചു.
തലയോലപ്പറമ്പ് സെന്റ് ജോർജ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച ഭക്ഷ്യമേള വികാരി റവ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് സിഎൽസി അംഗങ്ങൾ അവതരിപ്പിച്ച മാർഗംകളി, തലയോലപ്പറമ്പ് പള്ളി ഗായകസംഘം അവതരിപ്പിച്ച പൗരാണിക ഗാനാലാപനം, ഇടവകയിലെ വനിതകൾ ഒരുക്കിയ രുചിപ്പെരുമ പരേഡ് തുടങ്ങിയവ മുഖ്യ ആകർഷണമായി.
ഗാർഹിക യൂണിറ്റുകളിൽ തയാറാക്കിയ ഉണക്കയിറച്ചി, ഇടിയിറച്ചി, ഇറച്ചി അച്ചാർ, മീനച്ചാർ, റാഗി, തിന, ചാമ, കുതിരവാലി- പുട്ട് പൊടികൾ, നുറുക്കുഗോതമ്പ്, കൂവപ്പൊടി, പനമ്പൊടി, കുടംപുളി, വാളമ്പുളി, തേൻ, തുടങ്ങിയ ഉത്പന്നങ്ങളും മേളയിൽ വിൽപനയ്ക്കുണ്ടായിരുന്നു. സഹ വികാരി ഫാ. ആൽജോ കളപ്പുരയ്ക്കൽ, കൈക്കാരന്മാരായ റിൻസൻ ചാക്കോ, കെ.ടി. തങ്കച്ചൻ, കേന്ദ്രസമിതി ഉപാധ്യക്ഷൻ ഇമ്മാനുവൽ അരയത്തേൽ, വിമൻ വെൽഫയർ സർവീസസ് പ്രസിഡന്റ് ലൗസി തോമസ്, ബിനി സിബി തുടങ്ങിയവർ നേതൃത്വം നൽകി.