കൊച്ചി: ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന് പന്തുരുളാന്‍ രണ്ടുനാൾ മാത്രം ബാക്കിനില്‍ക്കേ കളി ആവേശത്തിന്റെ ആരവങ്ങളാണ് നാടെങ്ങും. ഇഷ്ടതാരങ്ങളുടെയും ടീമുകളുടെയും കൂറ്റന്‍ കട്ടൗട്ടുകളും ഫ്ളെക്സുകളും കൊടിതോരണങ്ങളുമൊക്കെയായി ആവേശപ്പോരുകൾക്ക് കാത്തിരിക്കുകയാണ് ആരാധകര്‍.
ഗ്രാമമേഖലകളില്‍ മാത്രമല്ല, തിരക്കേറിയ നഗര വീഥികളില്‍ പോലും സൂപ്പർ താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകളും പാതകകളും ഉയര്‍ന്നു കഴിഞ്ഞു. കേരളത്തിൽ ആരാധകർ ഏറെയുള്ള അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, സ്പെയിന്, ഇംഗ്ലണ്ട്... ടീമുകളുടെ ഫ്ലക്സുകളാണ് ഏറെയും. സാമൂഹ്യ മാധ്യമങ്ങളിലും ലോകകപ്പ് ചര്‍ച്ചകള്‍ സജീവമാണ്.
കട്ടൗട്ടുകളിലും മത്സരം
ലോകകപ്പ് ആവേശം നെഞ്ചിലേറ്റി ആരാധകര്‍ തങ്ങളുടെ ഇഷ്ട താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ പലയിടങ്ങളിലും ഉയര്‍ത്തിക്കഴിഞ്ഞു. കൂടാതെ ഫ്ലക്സുകളും കൊടിതോരണങ്ങളാലും പ്രധാന ജംഗ്ഷനുകളെല്ലാം തന്നെ വര്‍ണശബളമായി. അല്‍ബിസെലസ്റ്റുകളുടെ ആകാശനീല നിറവും കാനറികളുടെ മഞ്ഞ നിറവും പറങ്കിപ്പടയുടെ ചുവപ്പും നിറഞ്ഞ കൊടിതോരണങ്ങളെല്ലാം തെരുവുകളില്‍ നിറഞ്ഞു.
ഫ്ലക്സുകളുടെ വലിപ്പത്തിലും മത്സരമാണ്. ചെല്ലാനത്ത് ലയണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ടാണ് ആരാധകര്‍ സ്ഥാപിച്ചിരിക്കുന്നത്. 25 അടിയാണ് കട്ടൗട്ടിന്റെ ഉയരം. ചെല്ലാനം കൂടാതെ വാത്തുരുത്തി, കുമ്പളങ്ങി, മൂവാറ്റുപുഴ, എളമക്കര, കറുകപ്പിള്ളി, പേരണ്ടൂര്‍, ഇടപ്പള്ളി കുന്നുംപുറം തുടങ്ങിയ പ്രദേശങ്ങളിലും ഫ്ലക്സുകളും കട്ടൗട്ടുകളും ഉയര്‍ന്നിട്ടുണ്ട്.
ജേഴ്സി വില്പന തകൃതി
ജേഴ്സികളുടെയും വിവിധ രാജ്യങ്ങളുടെ പതാകകളുടെയും വില്പനയും തകൃതിയാണ്. മെസിയുടെയും നെയ്മറുടെയും പത്താംനമ്പര്‍, റൊണാള്‍ഡോയുടെ ഏഴാംനമ്പര്‍ എന്നിവയ്ക്ക് പതിവുപോലെ ആവശ്യക്കാരേറെ. അര്‍ജന്റീനയുടെയും, ബ്രസീലിന്റെയും ജേഴ്സിയോടൊപ്പം ഫ്രാന്‍സ്, ജര്‍മനി, സ്പെയ്ന്‍, ഇംഗ്ലണ്ട് ടീമുകളുടെ ജേഴ്സികളും വലിയതോതിൽ വിറ്റുപോകുന്നുണ്ട്.
2026 ലോകകപ്പ് ഡിസൈന്‍ ജേഴ്സിക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. 150 രൂപ മുതലാണ് ജേഴ്സിയുടെ വില. 1100 രൂപ മുതല്‍ വില വരുന്ന കളിക്കാര്‍ ഉപയോഗിക്കുന്ന തരം പ്രീമിയം ജേഴ്സികളും 5000 രൂപയ്ക്കുമുകളില്‍ വിലവരുന്ന ബ്രാന്‍ഡഡ് ജേഴ്സികളുമുണ്ട്. ചെറിയ കൊടി മുതല്‍ 20 അടി വരെ വലിപ്പമുള്ള കൂറ്റന്‍ കൊടികളും ലഭ്യമാണ്.
എല്ലാ രാജ്യങ്ങളുടെയും കൊടികള്‍ കോർത്തുവച്ച തോരണങ്ങളും ഇഷ്ടതാരങ്ങളുടെ റെഡിമെയ്ഡ് കട്ടൗട്ടുകളും മുഖംമൂടികളും വിപണിയിൽ ലഭ്യമാണ്.
ഓഫറുകളുമായി ഷോപ്പുകള്‍
ലോകകപ്പിന്റെ ആവേശം ഉയരുന്നതോടൊപ്പം ആകര്‍ഷകമായ ഓഫറുകളുമായി ഇലക്ട്രോണിക്സ് ഷോപ്പുകളും സജീവം. മത്സരങ്ങള്‍ വലിയ സ്ക്രീനില്‍ ആസ്വദിക്കുന്നതിനായി ടിവി, ഹോം തിയറ്റര്‍, സൗണ്ട് സിസ്റ്റം എന്നിവയ്ക്ക് വിലക്കിഴിവും മികച്ച എക്സ്ചേഞ്ച് ഓഫറുകളും വ്യാപാര സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ടിവിയും മറ്റും വാങ്ങാന്‍ നിരവധി പേര് ഷോപ്പുകളില്‍ എത്തുന്നുണ്ട്.
വരും ദിവസങ്ങളില്‍ ഇത് വര്‍ധിക്കാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. കൂടാതെ പ്രോജക്ടറുകള് വാങ്ങാനെത്തുന്നവരും ഏറെയുണ്ട്. ഓഫറുകള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്കായി പ്രവചന മത്സരങ്ങളും വിവിധ സമ്മാന പദ്ധതികളും വ്യാപാരസ്ഥാപനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കിഴകൊമ്പിൽ മെസിയുടെ 23 അടിയുടെ കൂറ്റൻ കട്ടൗട്ട്
കൂത്താട്ടുകുളം: ലോകകപ്പ് ഫുട്ബോൾ ആവേശം വാനോളമുയർത്തി കൂത്താട്ടുകുളത്ത് 23 അടിയുള്ള മെസിയുടെ കൂറ്റൻ കട്ടൗട്ട്. കിഴക്കൊമ്പിലെ അർജന്റീന ഫാൻസിന്റെ നേതൃത്വത്തിൽ കിഴകൊമ്പ്-പിൻമറ്റം പാടശേഖരത്തിലാണ് ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് ഉയർത്തിയിരിക്കുന്നു.
നാട്ടിലെ ഫുട്ബോൾ പ്രേമികൾക്ക് പുറമേ, പ്രവാസികളായ സുഹൃത്തുക്കളും ചേർന്നാണ് കട്ടൗട്ടിനുള്ള ഫണ്ട് കണ്ടെത്തിയത്. മെസിയുടെ കട്ടൗട്ട് ഉയർന്നതോടെ ബ്രസീൽ അടക്കമുള്ള മറ്റു ടീമുകളുടെ ആരാധകരും തങ്ങളുടെ പ്രിയ താരങ്ങളുടെ ഫ്ലക്സ് ബോർഡുകളും കട്ടൗട്ടുകളും സ്ഥാപിക്കാനുള്ള തിരക്കിലാണ്.
ഫുട്ബോൾ ആരാധകർക്ക് ഒരുമിച്ചിരുന്ന് ലോകകപ്പ് മത്സരങ്ങൾ തത്സമയം ആസ്വദിക്കാനുള്ള സൗകര്യം ഇത്തവണയും കിഴകൊമ്പ് പയനീയർ ക്ലബ്ബിൽ ഒരുക്കിയിട്ടുണ്ടെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
Tags : nattu vishesham Football fans head