ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ മതിലിനും കെട്ടിടത്തിനും ഇടയിൽ അപകടകരമായി നില്ക്കുന്ന തേക്ക്
മരണക്കെണിയായി 16 മരങ്ങൾ; ഭീതിയിൽ 17 കുടുംബങ്ങൾ
ചെങ്ങന്നൂർ: ഏതു നിമിഷവും വീഴാവുന്ന കൂറ്റൻ മരങ്ങൾ തീർത്ത മരണഭീതിയിൽ ഉറക്കമില്ലാത്ത രാത്രികൾ തള്ളിനീക്കി ഒരു നാട്. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്തെ 16 കൂറ്റൻ മരങ്ങളാണ് സമീപവാസികളുടെയും ജീവനക്കാരുടെയും ജീവന് കടുത്ത ഭീഷണിയുയർത്തുന്നത്. നടപടിക്രമങ്ങളുടെ ചുവപ്പുനാടയിൽ കുടുങ്ങി ലേലം പലകുറി മുടങ്ങിയതോടെ, പുലിയൂർ പഞ്ചായത്ത് മണ്ണാട്ടുമലയിലെ 17 കുടുംബങ്ങളാണ് മരണനിഴലിൽ കഴിയുന്നത്.
ചെറിയൊരു കാറ്റടിച്ചാൽ പോലും ആടിയുലയുന്ന കൂറ്റൻ മരങ്ങൾ പതിച്ച് എന്ന് ദുരന്തമുണ്ടാകുമെന്നറിയാതെ ഭയന്നുവിറയ്ക്കുകയാണ് ഇവിടത്തെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രദേശവാസികൾ.
നാല് പതിറ്റാണ്ട് മുൻപ് നിർമിച്ച ചുറ്റുമതിലിനോടു ചേർന്നാണ് എട്ടു തേക്ക്, നാല് മഹാഗണി ഉൾപ്പെടെയുള്ള 16 മരങ്ങൾ നിൽക്കുന്നത്. ആഴത്തിലിറങ്ങിയ തേക്കുമരങ്ങളുടെ വേരുകൾ മൂലം ചുറ്റുമതിൽ ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. മതിൽ അൺഫിറ്റെന്നാണ് എൻജിനിയറിംഗ് വിഭാഗത്തിന്റെ റിപ്പോർട്ട്. ഇതിന് പുറമെ, ബ്ലോക്ക് പഞ്ചായത്തിലെ രണ്ടുനിലക്കെട്ടിടം അടക്കമുള്ള മൂന്ന് ഓഫീസുകൾക്കും ഇവയുടെ ഷീറ്റ് മേൽക്കൂരകൾക്കും തൊട്ടടുത്തുകൂടി പോകുന്ന വൈദ്യുതി ലൈനുകൾക്കും ഈ മരങ്ങൾ വൻ ഭീഷണിയാണ്. മരം വീണ് വൈദ്യുതിലൈൻ പൊട്ടിയാൽ പ്രദേശത്ത് വൻ ദുരന്തമുണ്ടാകും.
2022 മേയ് 21ന് അപകടകരമായ മരങ്ങൾ നീക്കാൻ ബ്ലോക്ക് പഞ്ചായത്ത് പ്രമേയം പാസാക്കി. 2022 ഓഗസ്റ്റ് 20ന് വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം മരങ്ങൾക്ക് 9,19,211 രൂപയുടെ മൂല്യം നിശ്ചയിച്ചു നൽകി. ഉയർന്ന തറവില കാരണം മൂന്ന് തവണ ക്വട്ടേഷൻ വിളിച്ചിട്ടും ആരും ലേലത്തിൽ പങ്കെടുത്തില്ല. തുക പുനർനിർണയിച്ചു നൽകാൻ വനംവകുപ്പ് തയാറാകാതിരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എംഎസ്ടിസി വെബ്പോർട്ടൽ വഴി മൂന്നുതവണ ക്വട്ടേഷൻ ക്ഷണിച്ചെങ്കിലും പരമാവധി വന്ന തുക 3.81 ലക്ഷം രൂപ മാത്രമാണ്. തറവില ഒൻപത് ലക്ഷത്തിന് മുകളിലായതിനാൽ ലേലം ഉറപ്പിക്കാനായില്ല.
ജനങ്ങളുടെ ജീവൻ
കളക്ടറുടെ കൈകളിൽ
ഏറ്റവും അപകടകരമായി നിലകൊള്ളുന്ന രണ്ട് തേക്കുമരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ റിപ്പോർട്ട് പ്രകാരം എൽഎസ്ജിഡി ജില്ലാ ജോയിന്റ് ഡയറക്ടർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ മരം മുറിക്കാനുള്ള അന്തിമാനുമതി നൽകേണ്ടത് ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയായതിനാൽ ജില്ലാ കളക്ടറുടെ മാർഗനിർദേശപ്രകാരം അപേക്ഷ നൽകാനും പുനർമൂല്യനിർണയം നടത്താനും ജോയിന്റ് ഡയറക്ടർ നിർദേശം നൽകി. ഈ രീതിയിൽ മരം മുറിച്ചാൽ മുറിക്കുന്ന മരങ്ങളുടെ അളവും എണ്ണവും തിട്ടപ്പെടുത്തി ലേലത്തിൽ പോകുന്നിടം വരെ ബ്ലോക്ക് പഞ്ചായത്ത് കോന്പൗണ്ടിൽ സൂക്ഷിക്കണം . ഓഫീസ് വളപ്പിൽ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനവുമില്ലെന്ന് വൈസ് പ്രസിഡന്റ് ജി. വിവേക് പറഞ്ഞു.
എംഎസ്ടിസി പോർട്ടലിലെ അവസാന ലേലത്തീയതി ഈ മാസം നാലിന് അവസാനിച്ചതോടെ വീണ്ടും ലേല നടപടികൾക്ക് ഒരുങ്ങുകയാണ് അധികൃതർ.