പ്രതീകാത്മക ചിത്രം
കോട്ടയം: ജില്ലയുടെ ആരോഗ്യമേഖല ഇപ്പോഴും പരാധീനതയിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവും ആശുപത്രി കെട്ടിടകളുടെ പഴക്കവുമൊക്കെയായി പല ആതുരാലയങ്ങളും ശോച്യാവസ്ഥയിലാണ്. ഡോക്ടര്‍മാരുടെ കുറവും മരുന്നിന്റെ ക്ഷാമവും മൂലം രോഗികള്‍ക്ക് പലപ്പോഴും ചികിത്സ കിട്ടാതെ വരുന്നുണ്ട്. ജില്ലയിലെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും പരിഹരിക്കുന്നതിനായി പൊതുജനാഭിപ്രായവും സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ കായകല്പം എന്ന പേരില്‍ ജനസമ്പര്‍ക്കപരിപാടിയുമായി ആരോഗ്യമന്ത്രി കെ. മുരളീധരന് ഇന്നു കോട്ടയത്ത് എത്തുകയാണ്. രാവിലെ 9.30 മുതല്‍ കോട്ടയം സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളിലാണ് പരിപാടി. ജില്ലയിലെ ആരോഗ്യമേഖല നേരിടുന്ന പൊതുവായ പ്രശ്നങ്ങളിലേക്ക് ദീപിക മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.
മെഡിക്കല്‍ കോളജ് ആശുപത്രി
കോട്ടയം: മെഡിക്കല്‍ കോളജില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ സര്‍ജിക്കല്‍ ബ്ലോക്കില്‍ ചോര്‍ച്ച, തകര്‍ന്നുവീഴുന്ന സീലിംഗുകള്‍, പ്ലംബിംഗ് തകരാറുകള്‍, പ്രവര്‍ത്തനരഹിതമായ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ ഗുരുതര അപാകതകളുണ്ട്. മോട്ടോര്‍ പമ്പുകളുടെ തകരാര്‍ മൂലം പുതിയ സര്‍ജിക്കല്‍ ബ്ലോക്കില്‍ കുടിവെള്ള വിതരണം പൂര്‍ണമായി തടസപ്പെടുകയും തന്മൂലം നിരവധി ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കേണ്ടതായും വന്നിരുന്നു.
പാലാ ജനറല്‍ ആശുപത്രിയില്‍
ആവശ്യത്തിനു ഡോക്ടര്‍മാരില്ല
പാലാ: കെ.എം. മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റലില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. നാലു വര്‍ഷമായി കാര്‍ഡിയോളജി വിഭാഗത്തിലും ഒരു വര്‍ഷമായി നെഫ്രോളജി വിഭാഗത്തിലും ഡോക്ടറില്ല. പോസ്റ്റുമോര്‍ട്ടത്തിന് ഫോറന്‍സിക് സര്‍ജനില്ല. ലഹരി മോചന കേന്ദ്രത്തില്‍ സൈക്യാട്രിക് വിഭാഗത്തിലും ഡോക്ടറില്ല. പഴയ ബ്ലോക്കിലെ ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നില്ല. മൃതദേഹം സൂക്ഷിക്കുന്ന നാല് ഫ്രീസറില്‍ രണ്ടെണ്ണം മാത്രമാണ് പ്രവര്‍ത്തനക്ഷമം. പാര്‍ക്കിംഗ് സൗകര്യവും മെച്ചപ്പെടുത്തണം.
കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍
ജീവനക്കാരുടെ കുറവ്
കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ പ്രധാന ആശ്രയമായ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയിട്ടും ആവശ്യത്തിനു ജീവനക്കാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. അത്യാഹിത വിഭാഗത്തില്‍ രാത്രികാലങ്ങളിൽ ഒരു ഡോക്ടര്‍ മാത്രമാണ്. കാത്ത് ലാബിൽ ഡോക്ടര്‍മാരില്ലാത്തതിനാൽ ചൊവ്വാഴ്ച മാത്രമാണ് ഒപി പ്രവര്‍ത്തിക്കുന്നത്. ഫോറന്‍സിക് സര്ജന് ഇല്ലാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടവും നടത്തുന്നില്ല.
മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തെ
താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണം
മുണ്ടക്കയം: കോട്ടയം- ഇടുക്കി ജില്ലകളിലെ സാധാരണക്കാരുടെ ആശ്രയമായ മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തണം. ബഹുനില കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടെങ്കിലും ഇപ്പോഴും കുടുംബാരോഗ്യകേന്ദ്രം മാത്രമായാണ് പ്രവര്‍ത്തിക്കുന്നത്. ശബരിമല തീര്ഥാടനകാലത്തടക്കം മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനുമിടയില്‍ നിരവധി വാഹന അപകടങ്ങളാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ പരിമിതമായ സൗകര്യത്തില്‍ മതിയായ ചികിത്സ നല്കാന് കഴിയുന്നില്ല.
മന്ത്രി മനസു വച്ചാല്‍ എരുമേലി
ആശുപത്രിയുടെ രോഗം മാറും
എരുമേലി: ശബരിമല പാതയില്‍ അടിയന്തര ചികിത്സാ സൗകര്യം ഏറ്റവും വേണ്ട സ്ഥലമാണ് എരുമേലി. ശബരിമല സീസണില്‍ ദിവസവും കുറഞ്ഞത് അഞ്ച് പേരെയെങ്കിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കേണ്ടി വരുന്നുണ്ട്. അടിയന്തര ചികിത്സാ സംവിധാനം എരുമേലിയിലെ ആശുപത്രിയില്‍ ഒരുക്കിയാല്‍ ഈ മരണപ്പാച്ചില്‍ ഒഴിവാക്കാം. എന്തിനേറെ എക്സ്റേ സംവിധാനം പോലുമില്ല.
അറുനൂറ്റിമംഗലത്ത്
കിടത്തി ചികിത്സ ഇല്ല
കടുത്തുരുത്തി: കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിന്റെ പരിധിയിലുള്ള ഏക കുടുംബാരോഗ്യ കേന്ദ്രമാണ് അറുനൂറ്റിമംഗലം ആശുപത്രി. ഇവിടെ കിടത്തിചികിത്സാവിഭാഗം പ്രവര്‍ത്തിക്കാതായിട്ട് ഒരു വര്‍ഷത്തിലേറെയായി. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായിരുന്ന ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയിരുന്നു. പിന്നീടാണ് കുട്ടികളുടെ വാര്‍ഡ് ഉള്‍പ്പെടെ 20 കിടക്കകളുള്ള ഐപി വിഭാഗം അടയ്ക്കുന്നത്.
അതിരമ്പുഴയില്‍ സായാഹ്ന ഒപിയും
കിടത്തി ചികിത്സയും വേണം
അതിരമ്പുഴ: ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവര്‍ത്തനം ഉച്ചകഴിഞ്ഞ് രണ്ടുവരെ മാത്രമാണ്. സ്ത്രീ, പുരുഷ വാര്‍ഡുകളിലായി 20 ബെഡുകളുള്ള ആശുപത്രിയില്‍ ഇപ്പോള്‍ കിടത്തി ചികിത്സയില്ല. 24 മണിക്കൂറും ഡോക്ടറുടെ സേവനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എക്സ്റേ, ഇസിജി, ലാബ് പരിശോധനകളും പരിമിതപ്പെടുത്തിയിരിക്കുകയാണ്.
വെള്ളമില്ല, പാമ്പാടി ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ് നോക്കുകുത്തി
പാമ്പാടി: താലൂക്ക് ആശുപത്രിയില്‍ ആറു ഡയാലിസിസ് യൂണിറ്റ് എത്തിച്ചിട്ട് വര്‍ഷം ഒന്നായിട്ടും വെള്ളം എത്താത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുകയാണ്. ഒരു ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിക്കണമെങ്കില്‍ കുറഞ്ഞത് 1000 ലിറ്റര്‍ വെള്ളം ആവശ്യമാണ്. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു പോലും വെള്ളം പുറത്തുനിന്നു വിലയ്ക്ക് വാങ്ങണം. യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങിയാല്‍ കുറഞ്ഞത് 24 പേര്‍ക്കെങ്കിലും ഡയാലിസിസ് ചെയ്യാന്‍ കഴിയും.
ചങ്ങനാശേരി താലൂക്ക് ആശുപത്രി
ബഹുനില കെട്ടിടം പൂര്‍ത്തിയാക്കണം
ചങ്ങനാശേരി: താലൂക്ക് ആശുപത്രിയെ ജനറല്‍ ആശുപത്രിയായി വര്‍ഷങ്ങള്‍ക്കുമുമ്പ് ഉയര്‍ത്തിയെങ്കിലും ജീവനക്കാരുടെ തസ്തികകള്‍ വര്‍ധിപ്പിച്ചിട്ടില്ല. എണ്‍പത് കോടി രൂപമുടക്കി നിര്‍മിക്കുന്ന ബഹുനില കെട്ടിടം പൂര്‍ത്തിയാക്കി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം.
കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണം. കാഷ്വാലിറ്റിയിലേക്ക് അഞ്ചു ഡോക്ടര്‍മാരെ കൂടി നിയമിക്കണം. ഡയാലിസിസ് യൂണിറ്റും കാര്‍ഡിയോളജി വിഭാഗവും ആരംഭിക്കണം.
ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം
താലൂക്കാശുപത്രിയായി ഉയര്‍ത്തണം
ഈരാറ്റപേട്ട: ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം, താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പ്രോപ്പോസല്‍ സമര്‍പ്പിക്കുകയും ഹൈക്കോടതി ഉത്തരവുണ്ടാകുകയും ചെയ്തിട്ടും തുടര്‍ നടപടികളുണ്ടായില്ല. ജില്ലയിൽ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ മാത്രമാണ് താലൂക്കാശുപത്രിയില്ലാത്തത്. താലൂക്ക് ആശുപത്രി ഈരാറ്റുപേട്ടയില്‍ അനുവദിച്ചാല്‍ സമീപത്തെ എട്ട് മലയോര പഞ്ചായത്തുകള്‍ക്കും ഉപകാരപ്പെടും.
വൈക്കം ആശുപത്രിയില്‍
ഹൃദ്രോഗ വിഭാഗം ആരംഭിക്കണം
വൈക്കം: രാജഭരണകാലത്ത് ആരംഭിച്ച വൈക്കം താലൂക്ക് ആശുപത്രിയില്‍ ഹൃദ്രോഗ ചികിത്സാ സംവിധാനം ഇല്ലാത്തത് സാധാരണക്കാരെ വലയ്ക്കുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ വിദഗ്ധ ചികില്‍സയ്ക്കായി 40 കിലോമീറ്റര്‍ അകലെയുള്ള കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ മാര്‍ഗമധ്യേ പലരും മരണപ്പെടുകയാണ്.
Tags : Nattuvishesham DistrictNews DeepikaNews health