ഉടുമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടുന്നു.
ചെറുതോണി: ബാത്റൂമിൽ കയറിയ ഉടുമ്പിനെ വനപാലകരെത്തി പിടികൂടി. വാഴത്തോപ്പ് പള്ളി ക്കവല കൈതക്കുളങ്ങര അന്നമ്മ മാത്യുവിന്റെ വീടിന്റെ പുറകുവശത്തുള്ള ബാത്റൂമിൽനിന്നാണ് ഉടുമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണ് വീടിന്റെ പുറകുവശത്തുള്ള ബാത്റൂമിൽ ഉടുമ്പിനെ കണ്ടത്.
ഉടൻതന്നെ വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നഗരംപാറ റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഉടുമ്പിനെ സുരക്ഷിതമായി പിടികൂടി. ആറു കിലോയോളം തൂക്കമുള്ള ഉടുമ്പിനെയാണ് പിടികൂടിയത്. പിടികൂടിയ ഉടുമ്പിനെ കുളമാവ് വനമേഖലയിൽ തുറന്നുവിടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വീടുകളിലും പരിസരങ്ങളിലും വന്യജീവികളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ അവയെ സ്വയം പിടികൂടാൻ ശ്രമിക്കാതെ വനംവകുപ്പിനെ വിവരം അറിയിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആൽബിൻ കെ. തോമസ്, ഹോർമിസ് പൗലോസ്, ആർ.ജി. റെജിമോൾ, വാച്ചർ ടി.എ. രാജു എന്നിവരോടൊപ്പം സിജു വർഗീസ്, കെ.സി. ബിബിൻ, നവീൻ ജോർജ് തുടങ്ങിയവരും ഉടുമ്പിനെ പിടികൂടുന്നതിനു സഹായിച്ചു
Tags : monitor lizard NattuVishasham DistrictNews