വനം അദാലത്ത് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.
വണ്ടൂർ: വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതോടൊപ്പം മനുഷ്യരുടെ അവകാശങ്ങളും പ്രശ്നങ്ങളും പരിഹരിക്കപ്പെടണമെന്നും ഫോറസ്റ്റ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമായി മാറണമെന്നും റവന്യു മന്ത്രി എ.പി. അനിൽകുമാർ. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി വനം-വന്യജീവി വകുപ്പ് നിലന്പൂർ സൗത്ത് ഡിവിഷന്റെ ആഭിമുഖ്യത്തിൽ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് കോണ്ഫറൻസ് ഹാളിൽ സംഘടിപ്പിച്ച വനം അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മലയോര മേഖലകളിൽ വന്യജീവി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളുമായി മികച്ച സൗഹൃദവും സഹകരണവും ഉണ്ടാക്കിയെടുക്കേണ്ടത് ആവശ്യമാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് വന്യജീവികളുടെ സാന്നിധ്യം ജനവാസ മേഖലകളിൽ ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ഇത് തടയുന്നതിന് ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കും.
കരുളായി ഗ്രാമപഞ്ചായത്തിൽ അടക്കം വന്യമൃഗശല്യം രൂക്ഷമായ മേഖലകളിൽ പ്രതിരോധ വേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗമാക്കുമെന്നും മന്ത്രി പറഞ്ഞു. റവന്യു-വനം വകുപ്പുകൾ സംയുക്തമായി യോഗം ചേർന്ന് ആദിവാസി മേഖലയിലെയും മറ്റു ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ആറ് അപേക്ഷകർക്കുള്ള വനം നിരാക്ഷേപ സാക്ഷ്യപത്രം (എൻഒസി) വിതരണവും വന്യജീവി ആക്രമണത്തിന് ഇരയായ എട്ട് പേർക്കുള്ള നഷ്ടപരിഹാര വിതരണവും മന്ത്രി നിർവഹിച്ചു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുസ്തഫ അബ്ദുൾ ലത്തീഫ്, ഷാഹിന നിയാസി, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജസീറ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി. ഷംസുദീൻ (വണ്ടൂർ), പി.ആർ. രോഹിൽനാഥ് (പാണ്ടിക്കാട്), സുമ താരിയൻ (തിരുവാലി), രമ രാജൻ (കാളികാവ്), കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സൈഫുന്നീസ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജി. ധനിക് ലാൽ, കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.ടി. മുബഷിർ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvisesham DistrictNews DeepikaNews