ആയുസ് വയോജനകൂട്ടായ്മ ഉല്ലാസ ബോട്ട് യാത്രയില്‍.
ചാത്തന്നൂര്‍: വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലുകള്‍ മറന്ന് അവര്‍ ഉല്ലാസ ബോട്ട് യാത്രയില്‍ സന്തോഷം കണ്ടു. ലോക വയോജന ദിനാഘോഷത്തിന്റെ ഭാഗമായി ചാത്തന്നൂര്‍ കാരംകോട് ആയുസ് വയോജന അയല്‍ക്കൂട്ടം സംഘടിപ്പിച ഉല്ലാസ ബോട്ട് യാത്രയില്‍ അയല്‍ക്കൂട്ടത്തില്‍നിന്ന് തെരഞ്ഞെടുത്ത 35 വയോജനങ്ങള്‍ പങ്കെടുത്തു. കൊല്ലം അഷ്ടമുടി കായലില്‍ ജെ.കെ. റോയല്‍ ക്രൂയിസ് ബോട്ടിലായിരുന്നു യാത്ര ഒരുക്കിയത്. രാവിലെ ഒമ്പതിന് ചാത്തന്നൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച യാത്ര വയോജനങ്ങള്‍ക്ക് പുത്തന്‍ അനുഭവം നല്കി.
ബോട്ടില്നടന്ന വയോജന ദിനാഘോഷ പരിപാടികള്‍ അയല്‍ക്കൂട്ടം പ്രസിഡന്റ് കെ.സി. അജയഘോഷിന്റെ അധ്യക്ഷതയില്‍ നടന്നു. കെ.ആര്. അജിത് പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മുതിര്‍ന്ന അംഗം ഈശ്വരി വയോജന ദിന സന്ദേശം നല്കി. ജി. ബാലചന്ദ്രന്, ഗണേഷ് ചാതുര്യം എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. സരസ്വതി പ്രഭാകരന് കേക്ക് മുറിച്ചു. അയല്‍ക്കൂട്ടം സെക്രട്ടറി എന്‍. ജയശ്രീ സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ ഗീത ബാബു നന്ദിയും പറഞ്ഞു. സുബൈദ ബീവി, സുജാത ധനപാലന് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പാട്ടും കളികളുമായി 60 മുതല്‍ 85 വയസ് വരെയുള്ള വയോജനങ്ങള്‍ ഒത്തുകൂടിയ യാത്ര, വാര്‍ധക്യകാലത്തെ ഒറ്റപ്പെടലുകള്‍ മാറ്റിവെച്ച് സന്തോഷം പങ്കിടാനുള്ള വേദിയായി മാറി.