ഫാ. സിറിൽ ജോസഫ് കമന്ററി വേദിയിൽ
ആലപ്പുഴ: ഒന്നാം ട്രാക്കിൽ തലവടി ചുണ്ടൻ അതിവേഗം മുന്നേറുന്നു. “ഇല്ല, വിട്ടുകൊടുക്കില്ല” എന്നുറപ്പിച്ച് വീയപുരം ചുണ്ടനും കുതിക്കുന്നു. വെള്ളത്തിലെ ആവേശത്തിനൊപ്പം കരയിലെ ആർപ്പുവിളികൾക്ക് ആവേശം പകർന്നത് ഫാ. സിറിൽ ജോസഫിന്റെ കമന്ററിയായിരുന്നു. വൈദികന്റെ കുപ്പായത്തിൽ നെഹ്റുട്രോഫിയുടെ കമന്ററി വേദിയിലെത്തിയത് വേറിട്ട കാഴ്ചയായി.
കോട്ടയം കുടമാളൂർ സെന്റ് മേരീസ് പള്ളി സഹവികാരി ഫാ. സിറിൽ ജോസഫാണ് ആദ്യമായി നെഹ്റുട്രോഫി കമന്ററി വേദിയിലെത്തിയത്. കുട്ടനാട് ചമ്പക്കുളം ചെമ്പുംപുറം സ്വദേശിയായ ഫാ. സിറിൽ ചെറുപ്പം മുതൽ വള്ളംകളിയുടെ കടുത്ത ആരാധകനാണ്. ഇത്തവണ സംഘാടകരോട് താത്പര്യം അറിയിച്ചതോടെയാണ് കമന്ററി പറയാൻ അവസരം ലഭിച്ചത്.
ചുണ്ടൻ വള്ളങ്ങളുടെ കുതിപ്പും തുഴക്കാരുടെ ആവേശവും കാണികളുടെ ആർപ്പുവിളികളും കമന്ററിയിലൂടെ അദ്ദേഹം കൂടുതൽ സജീവമാക്കി. ചെറുപ്പം മുതൽ വള്ളംകളിയോടുള്ള ഇഷ്ടമാണ് കമന്ററി വേദിയിലെത്തിച്ചതെന്ന് ഫാ.സിറിൽ പറഞ്ഞു.
Tags : NattuVishesham DistrictNews