സോഷ്യോ വാസു
കോഴിക്കോട്: രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനാഘോഷ വേളയില്‍, മുന്വര്ഷങ്ങളിലേ പോലെ പൊതുപരിപാടികളില്‍ സജീവമായി പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമത്തിലാണ് പ്രമുഖ സ്വാതന്ത്രസമരസേനാനി സോഷ്യോ വാസു (103).
ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പനി പിടിപെട്ടത്. പനിയുടെ തുടര്‍ച്ചയായുള്ള ശാരീരിക അവശതകള്‍ കാരണം ഇത്തവണ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ കുറച്ചു. കഴിഞ്ഞദിവസങ്ങളില്‍ വിവിധയിടങ്ങളില്‍ നിന്നായി വിദ്യാര്‍ഥികള്‍ ചെറുവണ്ണൂരിലെ വീട്ടിലെത്തി അദ്ദേഹത്തെ ആദരിച്ചിരുന്നു. ശാരീരിക അവശതകള്‍ക്കിടയിലും അദ്ദേഹം വിദ്യാര്‍ഥികളുമായി സംവാദിക്കാന്‍ തയാറായി.
പനിയെ തുടര്‍ന്ന് അച്ഛന് സ്വന്തമായി എഴുന്നേറ്റു നടക്കാന്‍ നിലവില്‍ ശേഷിക്കുറവുണ്ടെന്ന് മകന് രമേശ്ബാബു പറഞ്ഞു. പനിപിടിപെടുന്നതിനു മുമ്പുവരെ അദ്ദേഹം ഊര്‍ജസ്വലനായിരുന്നു. ഇളയ മകന് രാജുനാരായണനൊപ്പമാണ് സോഷ്യോ വാസു താമസിക്കുന്നത്. ഏതാനും ദിവസത്തെ വിശ്രമം കൊണ്ട് ആരോഗ്യ വീണ്ടെടുക്കാനാവുമെന്നാണ് പ്രതീക്ഷ. അച്ഛനെ പങ്കെടുപ്പിച്ച് ഇന്ന് രാവിലെ മുറ്റത്ത് ദേശീയപതാക ഉയര്‍ത്തുമെന്ന് മകന് പറഞ്ഞു.
കോഴിക്കോട്ടെ സ്വാതന്ത്ര്യ സമര സേനാനികളില്‍ അവശേഷിക്കുന്ന പ്രമുഖ വ്യക്തിത്വമാണ് സോഷ്യോ വാസു. സോഷ്യലിസ്റ്റ് ആശയങ്ങളോടുള്ള ആഭിമുഖ്യം കൊണ്ടാണ് അദ്ദേഹത്തിന് സോഷ്യോ എന്ന പേര് ലഭിച്ചത്. കോഴിക്കോട്ട് അദ്ദേഹം നടത്തിയിരുന്ന തയ്യല്‍ക്കടയ്ക്ക് 'സോഷ്യോ' എന്നായിരുന്നു പേര്. അങ്ങനെ സോഷ്യോ വാസു എന്നറിയപ്പെട്ടു
യൗവ്വനം മുതല്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച സോഷ്യോ വാസു ശക്തമായ നിലപാടുകളിലൂടെയും ലളിതമായ ജീവിതരീതിയിലൂടെയുമാണ് ശ്രദ്ധേയനായത്. 13-14 വയസുള്ളപ്പോള്‍ മഹാത്മാഗാന്ധിയെ നേരില്‍ കാണാന്‍ സാധിച്ചതിന്റെ അഭിമാനബോധമിന്നും സോഷ്യോ വാസുവിന്റെ മുഖത്തുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ 24 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം.എല്ലാ തെരഞ്ഞെടുപ്പുകളിലും നേരിട്ട് ബൂത്തിലെത്തി വോട്ട് ചെയ്യുന്നതാണ് സോഷ്യോ വാസുവിന്റെ പതിവ്. 1949 മുതലുള്ള തെരഞ്ഞെടുപ്പുകളും ജനവിധികളും അദ്ദേഹത്തിന്റെ ഓര്‍മയില്‍ മങ്ങാതെയുണ്ട്.
രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയതയ്ക്കെതിരേ ശബ്ദമുയര്‍ത്തിയും സോഷ്യോ വാസു ശ്രദ്ധേയനായിട്ടുണ്ട്. 1942ല്‍ പത്തൊന്‍പതാം വയസില്‍ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി കോഴിക്കോട് കുണ്ടായിത്തോട് മുതല്‍ ചെറുവണ്ണൂര്‍ വരെ കൂറ്റന്‍ പ്രകടനത്തിന് സോഷ്യോ വാസു നേതൃത്വം നല്കി. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പ്രകടനം നയിച്ചതിന്റെ പേരില്‍ പൊലിസിന്റെ പിടിയിലാവുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. 103 -ാം വയസിലും ആദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മങ്ങലില്ല. പനിയുടെ അവശതകള്‍ മാറിയാല്‍ ഉടന്‍ തന്റെ ഓര്‍മകള്‍, അനുഭവങ്ങള്‍ പുതുതലമുറയ്ക്ക് പങ്കുവയ്ക്കാന്‍ അദ്ദേഹം സജീവമാകും.
Tags : Nattuvisesham DistrictNews DeepikaNews