എസി റോഡിൽ ചരക്ക് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടം.
തെക്കേക്കര: എസി റോഡിൽ ചരക്ക് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർമാർക്ക് ഗുരുതര പരുക്ക്. മണിക്കൂറുകൾ ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം.
തമിഴ്നാട് ഏലത്തൂരിൽ നിന്ന് സിമന്റ് കയറ്റി ചങ്ങനാശേരി വഴി ആലപ്പുഴയിലേക്ക് വരികയായിരുന്ന കെ.എൽ- 04 എ.യു 3777 എന്ന ലോറിയുടെ ഡ്രൈവർ തെങ്കാശി ചെങ്കോട്ടയി ഇളന്പത്തൂർ രമേഷ് (45), ആലപ്പുഴ വഴി ജി ഐ പൈപ്പുമായി ചങ്ങനാശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ടി.എൻ. 88 വി 4627 എന്ന ലോറിയുടെ ഡ്രൈവർ തമിഴ്നാട് പുളികരി വില്ലേജിൽ ഷൺമുഖന്റെ മകൻ പളനി സ്വാമി(18) ക്കും ആണ് പരിക്കേറ്റത് . അപകടത്തിൽ ഇരു ലോറികളുടെയും മുൻവശം പൂർണമായും തകന്നു. സിമന്റ് ലോറിക്കുള്ളിൽ കുരുങ്ങിയപ്പോയ ഡ്രൈവർ രമേഷിനെ ആലപ്പുഴ, തകഴി ഫയർഫോഴ്സ് സ്റ്റേഷനുകളിൽ നിന്നെത്തിയ ജീവനക്കാർ ചേർന്ന് ലോറിയുടെ മുൻവശം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇരുവരെയും പുളിങ്കുന്ന് പൊലിസിന്റെ നേതൃത്വത്തിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഒടുവിൽ ചങ്ങനാശേരിയിൽ നിന്നുമെത്തുന്ന വാഹനങ്ങൾ ചന്പക്കുളം വഴി ആലപ്പുഴയ്ക്കും, ചങ്ങനാശേരിക്കുള്ള വാഹനങ്ങൾ ബ്ലോക്ക് ജംഗ്ക്ഷനിൽ നിന്ന് വെളിയനാട്, കിടങ്ങറ വഴി തിരിച്ചുവിട്ടുമാണ് പോലീസ് ഗതാഗത കുരുക്കിന് പരിഹാരം കണ്ടത്.
എസി റോഡിൽ അപകടങ്ങൾ ഒഴിഞ്ഞിട്ട് സമയമില്ല
രാമങ്കരി: എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് ഊരാളുങ്കൽ കന്പനിയുടെ നേതൃത്വത്തിൽ നടന്ന അശാസ്ത്രീയ നിർമാണമാണ് വൻ അപകടങ്ങൾക്ക് കാരണമെന്ന ആക്ഷേപം ഇന്നലത്തെ അപകടത്തോടെ വീണ്ടും ശക്തമായി. ഇതിനോടകം നടന്ന വലുതും ചെറുതുമായ അപകടങ്ങളിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത് . ഇന്നലെ പുലർച്ചെ ഉണ്ടായ അപകടത്തിലും ഒരാളുടെ നില അതീവ ഗുരുതരമാണ്. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് അനുവദിച്ച ആയിരം കോടി രൂപയിൽ നിന്ന് പിന്നീട് വന്ന രണ്ടാം പിണറായി സർക്കാർ മുന്നൂറ് കോടി രൂപയുടെ കുറവു വരുത്തി. കൂടാതെ നിർമാണ ഘടനയിലും മാറ്റം വരുത്തുകയുണ്ടായെന്ന് സിഎജിയും കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകൾ അർഹിക്കുന്ന ഗൗരവത്തോടെ അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്.
Tags : Accident NattuVishesham DistrictNews