കയ്പമംഗലം: പാചകവാതകം കിട്ടാതായതോടെ കയ്പമംഗലത്ത് രണ്ട് ഹോട്ടലുകൾ അടച്ചു.വരും ദിവസങ്ങളിൽ കൂടുതൽ ഹോട്ടലുകൾ അടച്ചേക്കുമെന്നാണ് സൂചന. ദേശീയപാതയോരത്ത് കയ്പമംഗലം പന്ത്രണ്ട് സെന്ററിൽ പ്രവർത്തിക്കുന്ന രണ്ടു ഭക്ഷണശാലകളാണ് ഇന്നലെ അടച്ചത്.
ഒരു ദിവസത്തെ പ്രവർത്തനത്തിന് രണ്ടും നാലും സിലിണ്ടറുകൾ വേണ്ടിവന്നിരുന്ന ഹോട്ടലുകളാണ് ഇവ രണ്ടും. മൂന്ന് ദിവസത്തോളമായി ഇവിടെ പാചകവാതകം പരിമിതമായിരുന്നു. സിലിണ്ടർ ഒട്ടും കിട്ടാതായതോടെയാണ് അടക്കേണ്ടിവന്നതെന്നും ഹോട്ടൽ ഉടമകൾ പറഞ്ഞു.
മൂന്നുപീടിക സെന്ററിൽ പല ഹോട്ടലുകളും എപ്പോൾ വേണമെങ്കിലും പൂട്ടുന്ന സ്ഥിതിയാണെന്ന് ഉടമകൾ പറയുന്നു. പെരിഞ്ഞനം സെന്ററിൽ പ്രവർത്തിക്കുന്ന മറ്റൊരു ഹോട്ടൽ രാത്രിയോടെ പൂട്ടിയേക്കാവുന്ന സ്ഥിതിയാണെന്ന് പറയുന്നു. ഇനി എന്നാണു സ്റ്റോക്ക് എത്തുക എന്ന കാര്യത്തിൽ ഒരു കമ്പനിയും ഉറപ്പ് തരുന്നില്ലെന്നും ഹോട്ടൽ ഉടമകൾ പറയുന്നു. ഹോട്ടലുകൾ പൂട്ടിയതോടെ ഇതിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിലായിട്ടുണ്ട്.