വടക്കഞ്ചേരി: കൗതുകത്തിനും അലങ്കാരത്തിനുമായി തുടങ്ങിയതാണ് ചിറ്റടി പേരാത്ത്കുളമ്പിൽ ഗീത ചന്ദ്രൻ എന്ന വീട്ടമ്മ തന്റെ കൂൺകൃഷി സംരംഭം. വൈക്കോൽ നിറച്ച കൂടുകളിൽനിന്നും കൂൺ മുളച്ചുയരുന്നത് ഏറെ കൗതുകത്തോടെയായിരുന്നു റിട്ടയേഡ് അധ്യാപകൻ ചന്ദ്രൻ മാഷിന്റെ ഭാര്യ ഗീത ചന്ദ്രൻ നോക്കിക്കണ്ടത്. കൗതുകം പിന്നീട് കൃഷിവ്യാപനത്തിലേക്കുമാറി.
ചെറിയ രീതിയിൽ തുടങ്ങിയ കൂൺകൃഷി ഇപ്പോൾ വീടിനടുത്ത് ഷെഡിലെ രണ്ടുവശങ്ങളിലായി ആയിരത്തോളം ബെഡുകളായി ഉയർന്നു. കുട്ടിക്കാലം മുതൽ ഗീതാ ചന്ദ്രനു കൃഷിപ്പണികളിൽ വലിയ കമ്പമാണ്. ഭർത്താവ് രാവിലെ സ്കൂളിലേക്കുപോയാൽ പിന്നെ തനിച്ചാകും. മകൾ നേഹ കൈലാസും കുടുംബവും ജോലിയുമായി വിദേശത്താണ്. അങ്ങനെയാണ് തന്റെ ഇഷ്ട വിനോദമായ കൃഷിയിലേക്കിറങ്ങിയത്.
ഭർത്താവും മകളും ചെറുകിട കൃഷികൾക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ പച്ചക്കറി കൃഷികൾക്കൊപ്പം മത്സ്യം വളർത്തൽ, കോഴി, പോത്ത്, മണ്ണിര കമ്പോസ്റ്റ് നിർമാണം തുടങ്ങി പകൽ മുഴുവൻ തിരക്കുള്ള പണികളിലായി ഈ വീട്ടമ്മ. വീടിന്റെ ടെറസിനുമുകളിലും പച്ചക്കറികളുടെ സമൃദ്ധിയായിരുന്നു. മറ്റു കൃഷികളിൽ നിന്നും സമയം ലാഭിച്ചാണ് കൂൺകൃഷി ഹൈടെക് ആക്കിയത്. വൈക്കോൽ ഉപയോഗിച്ചാണ് ബെഡുകൾ തയാറാക്കുന്നത്.
200 ഗ്രാമിന്റെ പായ്ക്കറ്റുകളായാണ് വിൽപന. പ്രാദേശികമായ വിൽപനക്കുപുറമെ വടക്കഞ്ചേരി ടൗണിലെ ഇക്കോ ഷോപ്പ് ഉൾപ്പെടെയുള്ള പ്രമുഖ കടകളിലെല്ലാം ഇവരുടെ കൂൺ പായ്ക്കറ്റുകൾ എത്തുന്നുണ്ട്. 200 ഗ്രാം പായ്ക്കറ്റിന് 80 രൂപ മുതൽ 100 രൂപ വരെ ലഭിക്കുന്നുണ്ടെന്നു ഗീതാ ചന്ദ്രൻ പറഞ്ഞു.
താത്പര്യവും കുറച്ചുസമയവും മാറ്റിവച്ചാൽ കൂൺകൃഷി ലാഭകരമാണെന്നാണ് ഒരു പതിറ്റാണ്ടായുള്ള ഗീതാ ചന്ദ്രൻ തന്റെ കൂൺകൃഷി അനുഭവത്തിലൂടെ പറയുന്നത്.
മത്സ്യംവളർത്തൽവഴി കുളത്തിലെ വെള്ളമെത്തുന്ന കൃഷിയിടങ്ങളിൽ വിളകളും സമൃദ്ധമാണ്. വനിതാ സംരംഭകർക്ക് മാതൃകയാക്കാവുന്ന കൃഷിരീതികളാണ് ഇവരുടേത്.
Tags : nattu vishesham Geetha Chandran high-tech level mushroom