ഇരിങ്ങാലക്കുട: മഴയില്‍ ചെളിക്കുളമായി മാറി രോഗികളെയും ആംബുലന്‍സുകളെയും വലച്ചിരുന്ന ജനറല്‍ ആശുപത്രി പരിസരത്ത് ഒടുവില്‍ ആശ്വാസനടപടി.
അത്യാഹിതവിഭാഗത്തിലേക്കുള്ള റോഡും പുതിയ ഒപി കെട്ടിടത്തിന്റെ മുന്‍വശവും ക്വാറിവേസ്റ്റ് വിരിച്ച് സഞ്ചാരയോഗ്യമാക്കി. ആശുപത്രിയുടെ വടക്കുഭാഗത്തെ വഴിയും പ്രധാന പ്രവേശനഭാഗവും ഉള്‍പ്പടെ വിവിധ ഭാഗങ്ങളില്‍ ക്വാറി വേസ്റ്റടിച്ച് ബലപ്പെടുത്തിയതോടെ രോഗികള്‍ക്കും വാഹനങ്ങള്‍ക്കും സുഗമമായി സഞ്ചരിക്കാനാവുന്ന സാഹചര്യമൊരുങ്ങി. രണ്ടുദിവസമായി മഴ മാറിനിന്നതും പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സഹായകമായി. ആറ് നിലകളുള്ള പുതിയ ഒപി കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്നത്.
തൃശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍നിന്നുള്ള പ്രധാന പ്രവേശനഭാഗത്ത് മതില് നിര്‍മാണം നടക്കുന്നതിനാല്‍ ചാലക്കുടി റോഡുവഴി കെട്ടിടത്തിന്റെ വടക്കുഭാഗത്ത് മണ്ണിട്ട പുതിയ വഴിയിലൂടെയായിരുന്നു വാഹനങ്ങളുടെ പ്രവേശനം.
എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് ഈ വഴി പൂര്‍ണമായും ചെളി നിറഞ്ഞതോടെ വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും വലിയ ദുരിതമായി. പ്രശ്നം രൂക്ഷമായതോടെ സംസ്ഥാനപാതയോടുചേര്ന്ന ഭാഗത്തെ കാനയ്ക്ക് മുകളിലൂടെ സ്ലാബുകള്‍ സ്ഥാപിച്ച് വാഹനങ്ങള്‍ക്കായി താത്കാലിക വഴി തുറന്നുനല്‍കി.
എന്നിരുന്നാലും ചെളിനിറഞ്ഞ സാഹചര്യത്തില്‍ അതുവഴി എത്തിയ ആംബുലന്‍സുകള്‍ ഉള്‍പ്പടെ വാഹനങ്ങള്‍ കുടുങ്ങിയ സംഭവം ആശങ്ക വര്‍ധിപ്പിച്ചു. വിഷയം വാര്‍ത്തയായതിനെ തുടര്‍ന്ന് ആശുപത്രി സന്ദര്‍ശിച്ച തോമസ് ഉണ്ണിയാടന് എംഎല്‍എ രോഗികളുടെ ബുദ്ധിമുട്ട് നേരില്‍ വിലയിരുത്തുകയും അടിയന്തരമായി യാത്രാസൗകര്യം ഉറപ്പാക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശംനല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്വാറി വേസ്റ്റ് വിരിച്ച് പാത ഒരുക്കിയത്.
Tags : Hospital Nattuvishesham District News