അക്രമികൾ തകർത്ത വാഹനങ്ങൾ
വീടുകളും വാഹനങ്ങളും തകർത്തു,
ആക്രമിച്ചത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരുടെ വീടുകൾ
കഴക്കൂട്ടം: ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായതിലുള്ള വൈരാഗ്യത്തിൽ നാട്ടുകാർക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. നാലു പേർക്ക് പരിക്കേറ്റു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കൈലാത്ത് കോണം സ്വദേശികളായ മിഥുൻ , രാഹുൽ , ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
കൈലത്ത്കോണം സ്കൂളിന് സമീപം വ്യാഴാഴ്ച രാത്രി 10.30 നാണ് സംഭവം. വധശ്രമം, അക്രമം, വീടുകളും വാഹനങ്ങളും തകർക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കണ്ടാലറിയാവുന്ന പതിനഞ്ചോളം പേർക്കെതിരെ മംഗലപുരം പോലീസ് കേസെടുത്തു.
നാട്ടുകാരായ ലിബീഷ്, ഹേംജിത്ത് എന്നിവർ പ്രദേശത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഓണാഘോഷ പരിപാടിക്കിടെ പ്രശ്നമുണ്ടാക്കിയ അക്രമിസംഘത്തിനെതിരെ ഇവർ പോലീസിൽ പരാതി നൽകിയതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ഇതിന്റെ വൈരാഗ്യത്തിൽ ഇരുമ്പ് കമ്പിയും വെട്ടുകത്തിയുമടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ അക്രമികൾ, ലിബീഷ്, ഹേംജിത്ത്, കൃഷ്ണൻ എന്നിവരുടെ വീടുകൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വീട്ടിലെ കതകുകളും വീടുകളുടെ മുൻവശത്ത് നിർത്തിയിട്ടിരുന്ന പത്തോളം മോട്ടോർ സൈക്കിളുകളും രണ്ട് കാറുകളും അക്രമികൾ അടിച്ച് തകർത്തു.
പ്രദേശവാസിയായ ബിജുവിന്റെ വീടിന് മുന്നിലെത്തിയ സംഘം കൊലവിളി മുഴക്കിക്കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇരുമ്പ് കമ്പി കൊണ്ട് ബിജുവിന്റെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച അനുജൻ അനൂപിനെ വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചു. ജ്യേഷ്ഠൻ ദീപുരാജിന്റെ കൈയ്ക്ക് ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയിൽ അസ്ഥിക്ക് പൊട്ടലേറ്റു. അക്രമത്തിൽ പരിക്കേറ്റ മറ്റൊരാളായ ജിഷ്ണുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്രീജു (ഡോൺ), സൂരജ് (ഹെയർബോയ്), ശ്രീരാജ്, ശ്രീജിത്ത്, ഫഹദ്, അൽസഹാദ്, അമ്പാടി എന്നിവരും കണ്ടാലറിയാവുന്ന എട്ടോളം പേരുമാണ് പ്രതിപ്പട്ടികയിലുള്ളത്. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews attack