തൊടുപുഴയിൽ നടന്ന വാക്കത്തൺ
തൊടുപുഴ: ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സെന്റ് മേരീസ് ആശുപത്രിയുടെ സഹകരണത്തോടെ ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാക്കത്തണ്‍ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ആശുപത്രി അങ്കണത്തില്നിന്നാരംഭിച്ച വാക്കത്തണ്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഫ്ളാഗ് ഓഫ് ചെയ്തു.
ലയണ്‍സ് ക്ലബ് പ്രസിഡന്റ് സുനില്‍ ചെട്ടിപ്പറമ്പില്‍, മെഡിക്കല്‍ ക്യാമ്പ് ചെയര്മാന് ഡോ. എ.വി. പയസ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. സുദര്ശന്, ലയണ്‍സ് ക്ലബ് ജില്ലാ ഭാരവാഹികളായ സിബി ഫ്രാന്‍സിസ്, സോണി ഏബ്രഹാം, പി. അജീവ്, സെന്റ് മേരീസ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ജേക്കബ് ഏബ്രഹാം , ഡയറക്ടര്‍മാരായ ഡോ. മാത്യു ഏബ്രഹാം, ഡോ. തോമസ് ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ലയണ്‍സ് ഹാളില്‍ നടന്ന സമ്മേളനം ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജയേഷ് ഉദ്ഘാടനം ചെയ്തു.
മൂന്നു പതിറ്റാണ്ടായി ജില്ലയില്‍ ഹൃദ്രോഗ ചികിത്സാരംഗത്ത് സമാനതകളില്ലാത്ത സേവനം അനുഷ്ഠിക്കുന്ന സെന്റ് മേരീസ് ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം മേധാവി ഡോ. മാത്യു ഏബ്രഹാമിനെ ചടങ്ങില്‍ മാത്യു കുഴല്നാടന് എംഎല്‍എ പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്നു നടന്ന ബോധവത്കരണ ക്ലാസുകള്‍ക്ക് ഡോ. മാത്യു ഏബ്രഹാമും ഡയറ്റീഷന്‍ മീര വിന്‍സും നേതൃത്വം നല്കി.
ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ കാര്‍ഡിയോളജി മെഡിക്കല്‍ ക്യാമ്പില്‍ നിരവധിപേര്‍ പങ്കെടുത്തു. ഹൃദയാരോഗ്യവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും എന്ന സന്ദേശവുമായി സംഘടിപ്പിച്ച ഭക്ഷ്യപ്രദര്‍ശന മേളയും ശ്രദ്ധേയമായി.
Tags : Nattuvishesham DistrictNews DeepikaNews