ഫോർട്ടുകൊച്ചി: കാലവർഷം ശക്തമായതോടെ ചെല്ലാനം തെക്കൻ മേഖലയിലുള്ള തീരദേശവാസികൾക്ക് ഉറക്കമില്ലാത്ത നാളുകളായി. ഹാർബറിന്റെ തെക്കുഭാഗത്തുള്ള 15,16 വാർഡുകളിലുള്ളവരാണ് ആശങ്കകളിലും പരാധീനതകളിലുംപെട്ട് കഴിയുന്നത്. ചെല്ലാനം മുതൽ പുത്തൻതോട് വരെ ടെട്രാപാഡ് വിരിച്ച് കടൽതീരം സംരക്ഷിച്ചപ്പോൾ ഹാർബറിന്റെ തെക്ക് ഭാഗത്തുള്ള 15,16 വാർഡുകളെ ഒഴിവാക്കി കൊണ്ടാണ് ടെട്രാപോഡ് നിർമാണം നടന്നത്. ഈ ഭാഗത്ത് കടലാക്രമണം ഉണ്ടാകില്ലെന്നായിരുന്നു അധികൃതരുടെ വാദം. പക്ഷേ വടക്കോട്ട് ടെട്രാപോഡ് നിർമിച്ചതോടെ 15,16 വാർഡുകളിൽ കടലാക്രമണം പതിവായി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മൂന്നുവീടുകൾക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. കാലവർഷത്തിന്റെ ആരംഭനാളുകളിൽ തന്നെ നാശനഷ്ടം ഉണ്ടായത് ഈ മേഖലയിലുള്ളവരെ ആശങ്കയിലാക്കിയിരിക്കുകയാണ്. 500 ലേറെ കുടുംബങ്ങളാണ് രണ്ടു വാർഡുകളിലായി തീരത്ത് താമസിക്കുന്നത്. കാലവർഷം ശക്തിപെട്ട് കടലാക്രമണം ഉണ്ടായാൽ ഈ പ്രദേശത്തുള്ളവരെ മാറ്റിപാർപ്പിക്കാനുള്ള സൗകര്യം ഉറപ്പാക്കുനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
രണ്ടാംഘട്ട ടെട്രാപോഡിന്റെ നിർമാണത്തോടപ്പം 15, 16 വാർഡുകളിലും പാഡ് നിർമിക്കുമെന്നും നിർമിച്ച ഭാഗത്തെ കടൽഭിത്തി ബലപ്പെടുത്തി സംരക്ഷിക്കുമെന്നും മുഹമ്മദ് ഷിയാസ് എംഎൽഎ വ്യക്തമാക്കി. ഹാർബറിന്റെ വികസനം, ചെല്ലാനം മേഖലയിലെ കുടിവെള്ള ക്ഷാമം, ആശുപത്രി വികസനം, റോഡിന്റെ വികസനം, ബസ്സ്റ്റാൻഡ് വികസനം തുടങ്ങിയവ പരിഹരിക്കുന്നതിന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്നും ഷിയാസ് പറഞ്ഞു.
Tags : nattu vishesham heavy rains chellanam