ചേർത്തല: മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ പൊതുജന പ്രവേശന സമയം സംബന്ധിച്ച ഉത്തരവ് ഹൈക്കോടതി ശരിവച്ചു. മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലേക്കുള്ള പൊതുജന പ്രവേശനം രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നു വരെ മാത്രമായി നിശ്ചയിച്ച, ഗതാഗത കമ്മീഷണറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. പൊതുജനങ്ങൾക്ക് നേരിട്ട് അപേക്ഷകളും പരാതികളും സമർപ്പിക്കുന്നതിനുള്ള സമയം ക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
ഓഫീസുകളുടെ കാര്യക്ഷമമായ പ്രവർത്തനവും ഭരണനിർവഹണവും ഉറപ്പാക്കുന്നതിനുള്ള നടപടിയായാണ് ഈ ക്രമീകരണം കൊണ്ടുവന്നിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ഓഫീസുകളിൽ പൊതുജനങ്ങളുടെ നേരിട്ടുള്ള സന്ദർശന സമയം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഓഫീസ് ഇ-സേവനങ്ങളും ഓൺലൈൻ പ്രവർത്തനസമയമൊട്ടാകെ സേവനങ്ങളും ലഭ്യമാണെന്ന വസ്തുതയും കോടതി പ്രത്യേകം രേഖപ്പെടുത്തി.
ഓഫീസ് പ്രവർത്തനക്രമവും പൊതുജന പ്രവേശന സമയവും നിശ്ചയിക്കുന്നത് ഭരണകൂടത്തിന്റെ അധികാരപരിധിയിൽപ്പെടുന്ന കാര്യമാണെന്നും ബന്ധപ്പെട്ട ഉത്തരവിൽ നിയമവിരുദ്ധമോ യുക്തിരഹിതമോ സ്വേച്ഛാധിപത്യപരമോ ആയതൊന്നും കണ്ടെത്താനായില്ലെന്നും കോടതി വിലയിരുത്തി. ഇത്തരം സാഹചര്യത്തിൽ പൊതു താത്പര്യ ഹർജിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കണ്ടെത്തിയ കോടതി ഹർജി തള്ളികളഞ്ഞു. ഇതോടെ എംവിഡി ഓഫീസുകളിൽ പൊതുജനങ്ങളുടെ പ്രവേശനം രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ എന്ന നിലവിലെ ക്രമീകരണത്തിന് അംഗീകാരം ലഭിച്ചു.
Tags : nattu vishesham High Court corrects decision regarding