പ്രതീകാത്മക ചിത്രം
കണ്ണൂർ: സാക്ഷരത മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന ഹയർസെക്കൻഡറി തുല്യത പരീക്ഷ 10 ന് തുടങ്ങും. ജില്ലയിൽ 993 പേർ പരീക്ഷ എഴുതും. ഇതിൽ 455 പേർ ഒന്നാം വർഷ പരീക്ഷയും 538 പേർ രണ്ടാം വർഷ പരീക്ഷയുമാണ് എഴുതുന്നത്.
211 പുരുഷന്മാരും 782 സ്ത്രീകളുമാണ് ഉൾപ്പെടുന്നത്.പട്ടികജാതി വിഭാഗത്തിൽപ്പെട്ട 31 പേരും പട്ടികവര്‍ഗ വിഭാഗത്തിൽപ്പെട്ട 28 പേരും പരീക്ഷ എഴുതുന്നുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിലെ എട്ട് അന്തേവാസികളും പരീക്ഷ എഴുതുന്നവരിൽ ഉൾപ്പെടുന്നു. ഭിന്നശേഷിക്കാരായ 14 പേരും പരീക്ഷ എഴുതുന്നു. ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാത്തിൽ, ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മാടായി, മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂൾ തളിപ്പറമ്പ്, ഗവ. ഹയർസെക്കൻഡറി സ്കൂൾ പള്ളിക്കുന്ന്, ഗവ. ഹയർസെക്കൻഡറി സ്കൂൾ ചാവശേരി, ഹയർസെക്കൻഡറി സ്കൂൾ മട്ടന്നൂർ, ഗവ. ഹയർസെക്കൻഡറി സ്കൂൾ കൂത്തുപറമ്പ്, ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ തലശേരി എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ.
പരീക്ഷാച്ചൂടിൽ ജനപ്രതിനിധികളും
കണ്ണൂർ: ആറു ജനപ്രതിനിധികളും പരീക്ഷ എഴുതുന്നുണ്ട്. സി. അനിത (കൗൺസിലർ, മട്ടന്നൂർ നഗരസഭ), പി. സിതാര (കണ്ണൂർ ബ്ലോക്ക് പഞ്ചായത്തംഗം), രാഖിൽ മൈലപ്രവൻ (എരഞ്ഞോളി പഞ്ചായത്തംഗം), ടി.കെ. ഷഹനാസ് (കൗൺസിലർ, തലശേരി നഗരസഭ), കെ.കെ. ഷഹദിയ (ന്യൂ മാഹി പഞ്ചായത്തംഗം), റജുല, (കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം) എന്നിവരാണു പരീക്ഷ എഴുതുന്ന ജനപ്രതിനിധികൾ.