പ്രതീകാത്മക ചിത്രം
കടുത്തുരുത്തി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി മുട്ടുച്ചിറ ഹോളി ഗോസ്റ്റ് മിഷന് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഒരാഴ്ച നീളുന്ന ഹൃദയാരോഗ്യ ബോധവത്കരണപരിപാടികളുടെ ഭാഗമായി 29ന് വാക്കത്തൺ സംഘടിപ്പിക്കും. വൈകുന്നേരം 3.30ന് കടുത്തുരുത്തി ഗവണ്മെന്റ് സ്കൂള്‍ ജംഗ്ഷനില്‍നിന്ന് ആരംഭിക്കുന്ന വാക്കത്തൺ മന്ത്രി മോന്‍സ് ജോസഫ് ഫ്ളാഗ് ഓഫ് ചെയ്യും.
ജനപ്രതിനിധികളും സാമൂഹിക, സാംസ്കാരിക, ആരോഗ്യരംഗങ്ങളിലെ പ്രമുഖരും ആശുപത്രി ജീവനക്കാരും നഴ്സിംഗ് വിദ്യാര്‍ഥികളും പൊതുജനങ്ങളും വാക്കത്തണിൽ പങ്കെടുക്കും. വാക്കത്തൺ ഹോളിഗോസ്റ്റ് മിഷന് ആശുപത്രിയില്‍ സമാപിക്കും. തുടര്‍ന്ന് ആശുപത്രിയിലെ നഴ്സിംഗ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഹൃദയാരോഗ്യ സംരക്ഷണ സന്ദേശം ഉള്‍ക്കൊള്ളുന്ന ഫ്ളാഷ് മോബ് അവതരിപ്പിക്കും.
പൊതുജനങ്ങള്‍ക്കായി അടിസ്ഥാന ആരോഗ്യ പരിശോധന, ഹൃദയാരോഗ്യ ബോധവത്കരണ പ്രദര്‍ശനം, കാര്ഡിയോളജിസ്റ്റുമാരും ഡയറ്റീഷ്യന്മാരും പങ്കെടുക്കുന്ന ഓണ്‍ലൈന്‍ ബോധവത്കരണ സെഷനുകള്‍, കാര്‍ഡിയാക് മോക്ക് ഡ്രില്ലുകള്‍, ഹൃദയാരോഗ്യ ക്വിസ് തുടങ്ങിയ പരിപാടികളാണ് വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
പുതിയ കാത്ത് ലാബ് സൗകര്യങ്ങളോടെ കാര്‍ഡിയാക് ചികിത്സകള്‍ കൂടി ആശുപത്രിയില്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ആധുനിക കാത്ത് ലാബ് സൗകര്യം സജ്ജീകരിച്ചതോടെ കാര്‍ഡിയാക് ആന്റിയോഗ്രാം, ആന്റിയോപ്ലാസ്റ്റി ഉള്‍പ്പെടെയുള്ള ഇന്റർവെന്‍ഷണല്‍ കാര്‍ഡിയാക് ചികിത്സകളും ആശുപത്രിയില്‍ ലഭ്യമാകും. ഹൃദയസംബന്ധമായ അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തിലുള്ള വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും എമർജന്‍സി കാര്‍ഡിയോളജിസ്റ്റ് സേവനവും ആശുപത്രിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ഷീന്‍ പാലക്കത്തടത്തില്‍, പിആര്‍ഒ ജോഷി ജോര്‍ജ്, അസിസ്റ്റന്റ് പിആര്‍ഒ നിഖില്‍ ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.