നാദാപുരം: തൂണേരി വേറ്റുമ്മലിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് വിലപിടിപ്പുള്ള ഓട്ട് പാത്രങ്ങൾ മോഷ്ടിച്ചു. വടകര നടക്കു താഴ സ്വദേശി ആകാശ് വീട്ടിൽ രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള വേറ്റുമ്മലിലെ പുതിയേടത്ത് വീട്ടിലാണ് മോഷണം നടന്നത്. വലിയ പിത്തള ഉരുളികൾ, ചെമ്പ് പാത്രങ്ങൾ, കിണ്ടി മുതലായവയാണ് മോഷണം പോയത്. രണ്ട് വർഷത്തോളമായി വീട് പൂട്ടിയിട്ടതായിരുന്നു.
പറമ്പിൽ പണിയെടുപ്പിക്കാനായി വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീടിനോട് ചേർന്ന കുളിമുറി വഴി അകത്ത് കടന്ന് അടുക്കള വാതിൽ തുറന്നാണ് ഒന്നാം നിലയിൽ സൂക്ഷിച്ച വിലപിടിപ്പുള്ള പാത്രങ്ങൾ മോഷ്ടിച്ചത്. നാദാപുരം സിഐ എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി രവീന്ദ്രൻ പറഞ്ഞു. നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.