ശക്തമായ കാറ്റിൽ നെടുംപുറംചാലിൽ കടപുഴകിയ കൂറ്റൻമരം.
നെടുംപുറംചാൽ: തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിൽ നെടുംപുറംചാൽ ഓലപ്പുര ഷാജിയുടെ വീട് ഭാഗികമായി തകർന്നു. മൺകട്ട കൊണ്ടു നിർമിച്ച വീടിന്റെ അടുക്കള ഭാഗമാണ് കാറ്റിൽ തകർന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ വീടിന്റെ ബാക്കി ഭാഗവും തകരാൻ സാധ്യതയുണ്ടെന്ന സൂചനയെ തുടർന്ന് നെടുംപുറംചാൽ ഫ്രണ്ട്സ് അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി തന്നെ ആസ്ബറ്റോസ് ഷീറ്റുകൾ സ്ഥാപിച്ച് അടിയന്തര അറ്റകുറ്റപ്പണികൾ നടത്തി. ഇതോടെ കുടുംബത്തിന് താത്കാലിക ആശ്വാസമായി.
അറ്റകുറ്റപ്പണികൾക്ക് ഫ്രണ്ട്സ് അയൽക്കൂട്ടം പ്രസിഡന്റ് സജി കോടന്തൂർ, സെക്രട്ടറി ജയ്സൺ മേക്കുന്നേൽ, ടി.എസ്. സത്യൻ, സനീഷ്, ഇ. ജി. തോമസ്, ഷാജി കൈതക്കൽ, അനീഷ് മുന്തിരിക്കാട്ടുകുന്നേൽ, ഷാജി തെക്കിനി, മനോജ്, ജോസൂട്ടി വള്ളിയാംകുഴി, സോജൻ ചാരുവേലിൽ എന്നിവർ നേതൃത്വം നൽകി.
അപകടാവസ്ഥയിലായ വീട് പഞ്ചായത്തംഗം സി.വി. വർഗീസ് സന്ദർശിച്ചു. ദുരിതബാധിത കുടുംബത്തിന് ആവശ്യമായ സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം വീശിയടിച്ച കാറ്റിൽ നെടുംപുറംചാൽ മേഖലയിൽ മരങ്ങൾ കടപുഴകി വീണ് നിരവധി കൃഷിയിടങ്ങൾക്ക് നാശം സംഭവിച്ചു. നെടുംപുറംചാലിലെ പയ്യാനി മാമച്ചൻ, ഇലവുനിൽക്കുംചാൽ ജസ്റ്റിൻ എന്നിവരുടെ റബർ, തേക്ക്, മഹാഗണി ഉൾപ്പെടെയുള്ള മരങ്ങൾ ശക്തമായ കാറ്റിൽ കടപുഴകി വീണു.
Tags : House damaged Nattuvishesham District news