ചതിരൂർ 110 മേഖലയിൽ ഇറങ്ങിയ കൊമ്പൻ റോഡിലൂടെ നടന്നുവരുന്നു.
ഇരിട്ടി: ആറളം പഞ്ചായത്തിലെ ചതിരൂർ ജനവാസ മേഖലയിൽ പട്ടാപ്പകൽ കാട്ടാനയിറങ്ങി പരിഭ്രാന്തി പരത്തി. അന്പതിലേറെ നേന്ത്രവാഴകളും കപ്പ, തെങ്ങ് എന്നിവയും ഒരു പട്ടിക്കൂടും നശിപ്പിച്ചു.
ചതിരൂർ 110 സങ്കേതത്തിലേക്കുള്ള പ്രധാന റോഡിലാണ് രാവിലെ ഏഴുമണിയോടെ കാട്ടുകൊമ്പൻ എത്തിയത്. റോഡിലൂടെ നീങ്ങിയ ആനയ്ക്ക് മുന്നിൽ വാഹനങ്ങളും ജനങ്ങളും അകപ്പെടാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.
വിദ്യാർഥികളും തൊഴിലാളികളും പുറപ്പെടുന്ന സമയത്താണ് കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയത്. കീഴ്പള്ളി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.പി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധിയും വനപാലകരും നാട്ടുകാരും ചേർന്ന് ആനയെ 8.30 ഓടെ കാട്ടിലേക്ക് തുരത്തി.
ആറളം ഫാം പുനരധിവാസമേഖലയിലെ പ്രശ്നക്കാരായ അഞ്ച് ആനകളിലെ മോട്ടുകൊമ്പനാണ് ചതിരൂരിൽ ഇറങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. 110 സങ്കേതത്തിലെ താമസക്കാർ സ്ഥിരം സഞ്ചരിക്കുന്ന വഴിയിൽ കൂടിയാണ് ആന എത്തിയത്. ഇതോടെ പ്രദേശവാസികൾ പഞ്ചായത്തംഗം ഷഹീറിനെ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ അദ്ദേഹം ഉടൻതന്നെ വനംവകുപ്പ് അധികൃതരെ ബന്ധപ്പെടുകയായിരുന്നു.
ജോർജ് മാവുംതോട്ടത്തിൽ, ബേബിച്ചൻ ജോർജ് മാവുംതോട്ടത്തിൽ, ചെത്തിമറ്റത്തിൽ വത്സ എന്നിവരുടെ സ്ഥലത്തെ കൃഷികളും വത്സയുടെ പട്ടിക്കൂടുമാണ് ആന തകർത്തത്. കൂടുതൽ കൃഷിയിടങ്ങളിൽ ഇറങ്ങാതെ തുരത്താൻ കഴിഞ്ഞതിനാൽ നാശനഷ്ടം കുറയ്ക്കാൻ കഴിഞ്ഞു.
ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോർജ് ആലാംപള്ളി, റൈഹാനത്ത് സുബി ന്നിവർ കൃഷി നശിപ്പിച്ച പ്രദേശങ്ങൾ സന്ദർശിച്ചു.
Tags : Nattuvishesham District news Wild elephant