കണ്ണൂർ: അടച്ചിട്ട റെയിൽവേ ഗേറ്റ് കടക്കുന്നതിനിടെ വീട്ടമ്മ ട്രെയിൻ ഇടിച്ചു മരിച്ചു. കുറ്റിക്കകം പൊടിക്കളം അങ്കണവാടിക്ക് സമീപത്തെ പനച്ചിക്കുണ്ട് ശ്രീലതയാണ് (60) മരിച്ചത്.
ഇന്നലെ രാവിലെ പത്തോടെ എടക്കാട് റെയിൽവേ ഗേറ്റിലായിരുന്നു അപകടം. കുറ്റിക്കകത്തെ വീട്ടിൽ നിന്ന് എടക്കാടുള്ള സഹോദരന്റെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഗേറ്റ് കടക്കാൻ ശ്രമിക്കുന്നതിനിടെ മംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ഏറനാട് എക്സ്പ്രസാണ് ഇടിച്ചത്. തത്ക്ഷണം മരിച്ചു.
ഗേറ്റ് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ വരുന്നുണ്ടെന്ന് സമീപത്തുള്ളവർ വിളിച്ചു പറഞ്ഞെങ്കിലും ഇതിനിടെ ട്രെയിൻ ഇടിച്ചു. പരേതരായ ഗോവിന്ദൻ-ദേവകി ദന്പതികളുടെ മകളാണ് അവിവിവാഹിതയായ ശ്രീലത. സഹോദരങ്ങൾ: പവിത്രൻ (ആഡൂർ), പ്രശാന്തൻ (കുറ്റിക്കകം, മസ്കറ്റ്), ജയചന്ദ്രൻ (എടക്കാട്), അശോകൻ (കടമ്പൂർ, മസ്കറ്റ്), വസന്ത (കുറ്റിക്കകം), കനകവല്ലി (എടക്കാട് ), രജനി (കൊശോർ മൂല), ഷീല(എടക്കാട്).